യു.എ റസാഖ്
തിരൂരങ്ങാടി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നോടിയായി തെയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍. മലപ്പുറം ജില്ലയില്‍ 18983 പേരെ നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. അതില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ ജില്ലയില്‍പ്പെട്ട നിയോജക മണ്ഡലങ്ങളില്‍ നിന്ന് മാത്രം 11508 വോട്ടുകളാണ് ഒഴിവാക്കുന്നത്. വ്യക്തികളും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും നല്‍കിയ റിപ്പോര്‍ട്ടിന്റെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് ഇത്രയും പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. മരണപ്പെട്ടവരോ, രണ്ടിടത്ത് വോട്ട് ചേര്‍ക്കപ്പെട്ടവരോ, വിവാഹം ചെയ്ത് പോയവരോ, സ്ഥിര താമസമല്ലാത്തവരോ ആയവരെയാണ് നീക്കം ചെയ്യാന്‍ നിര്‍ദ്ധേശിച്ചിട്ടുള്ളത്. ലഭിച്ച പരാതി പ്രകാരം പ്രവാസികളെയും നീക്കം ചെയ്യുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഏത് വോട്ടര്‍ക്കെതിരെയും ആര്‍ക്കും പരാതി നല്‍കാമെന്നതിനാല്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്നാണ് പല പരാതികളും പോയിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്.
ആഗസ്ത് ആറ് വരെയുള്ള കണക്ക് പ്രകാരം തിരൂര്‍ നിയോജ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നത്. 2706 പേരെയാണ് ഇവിടെ നീക്കം ചെയ്യുന്നത്. കോട്ടക്കലില്‍ 2370 പേരെയും താനൂരില്‍ 2065 പേരെയും നീക്കം ചെയ്യാന്‍ ശുപാര്‍ശയുണ്ട്. പൊന്നാനി നിയോജക മണ്ഡലത്തില്‍ 1985 പേരെയും തവനൂരില്‍ 1770 പേരെയും മഞ്ചേരിയില്‍ 1426 പേരെയും നീക്കം ചെയ്യും. ഏറനാട് 1193, വേങ്ങര 1168, മലപ്പുറം 1135, കൊണ്ടോട്ടി 761, തിരൂരങ്ങാടി 612, മങ്കട 419, പെരിന്തല്‍മണ്ണ 303, നിലമ്പൂര്‍ 213 പേരെയും നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 173 പേരെ മാത്രമാണ് നീക്കം ചെയ്യുന്നത്.
വ്യക്തികള്‍ നല്‍കിയ പരാതികളില്‍ വ്യക്തമായി അന്വേഷണം നടത്താതെയാണ് പലരെയും നീക്കം ചെയ്തിട്ടുള്ളതെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് സ്ഥലം മാറിപോയവര്‍ക്ക് അവിടെ വോട്ട് ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ഇപ്പോഴത്തേതില്‍ നിന്നും പരാതി പ്രകാരം നീക്കം ചെയ്യുന്നുണ്ട്. അത്തരം പരാതികളില്‍ വിവാഹം കഴിഞ്ഞോ എന്ന് മാത്രമാണ് ബി.എല്‍.ഒമാര്‍ അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് പോയ പ്രദേശത്ത് വോട്ട് ചേര്‍ക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാത്തത് മൂലം നിരവധി യുവതികളാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താകുന്നത്.
അത് പോലെ തന്നെ സ്ഥിര തമാസമല്ലാത്തതിന്റെ പേരില്‍ പ്രവാസികളെ നീക്കം ചെയ്യുന്നതിനും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും ജില്ലകളിലും ജോലി ചെയ്യുന്നവരെ വരെ നീക്കം ചെയ്യാന്‍ പരാതിയുണ്ടെന്നാണ് വിവരം. ഇത്തരം സന്ദര്‍ഭങ്ങളിലും ബി.എല്‍.ഒമാര്‍ അന്വേഷിക്കുന്ന സമയത്ത് വീട്ടിലില്ലാത്തവരെയെല്ലാം നീക്കം ചെയ്യാനാണ് ബൂത്ത് ലവല്‍ ഓഫീസര്‍ ശുപാര്‍ശ ചെയ്യുന്നതെന്നാണ് വിവരം. ഇതും കൂടുതല്‍ പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താകുന്നതിന് കാരണമായി. പ്രവാസികള്‍ക്ക് വോട്ടവകാശ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ടെങ്കിലും പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നുണ്ട്.
അതേ സമയം പല ബൂത്തുകളിലും ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നല്‍കിയ ലിസ്റ്റ് പ്രകാരം അന്വേഷണം പോലും നടത്താതെയാണ് വോട്ടര്‍മാരെ നീക്കം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. പരാതികളില്‍ വിശദമായി അന്വേഷണം നടത്തേണ്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ സെപ്തംബര്‍ 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഒക്‌ടോബര്‍ 31 വരെ സമയമുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു.