ജമ്മു കശ്മീരിലെ ജനങ്ങളോട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ഓരോ വോട്ടും ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നത് ഉറപ്പാക്കുമെന്നും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 24 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി അതിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ഇത് നിങ്ങളുടെ മുഴുവന്‍ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ജമ്മു കശ്മീരിനോടുള്ള അവഹേളനമാണ്, സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വോട്ട് അവകാശം പരമാവധി വിനിയോഗിക്കാനും ഇന്ത്യ മുന്നണിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭ്യര്‍ഥിച്ചു. എക്സിലൂടെ ആയിരുന്നു അവരുടെ അഭ്യര്‍ഥന.
ജമ്മു കശ്മീരിലെ സഹോരീസഹദോദരന്മാരെ, ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിങ്ങളില്‍നിന്ന് കാര്യങ്ങള്‍ തട്ടിയെടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പദവി എടുത്തുമാറ്റി, വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവും തട്ടിയെടുത്തു. ജമ്മു കശ്മീരിന്റെ സ്വത്വവും ആത്മാഭിമാനവും തട്ടിയെടുത്തു. അത് മാറ്റാനുള്ള സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും ജമ്മു കശ്മീരിനെയും നിങ്ങളുടെ അവകാശങ്ങളെയും ശക്തിപ്പെടുത്തും, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.