X

‘കോൺഗ്രസിനു വോട്ടു ചെയ്യുകയെന്നാൽ പാകിസ്ഥാനു വോട്ടു ചെയ്യൽ’; വിവാദ പരാമർശത്തിൽ ബി.ജെ.പി എം.പിക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി നവനീത് റാണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസിനു നല്‍കുന്ന ഓരോ വോട്ടും പാകിസ്ഥാനുള്ള വോട്ടാണെന്ന പരാമര്‍ശമാണ് കേസിനാധാരം. തെലങ്കാനയിലെ ഷാദ്‌നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാണിച്ച് തെരഞ്ഞടുപ്പു കമീഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് അംഗമായ കൃഷ്ണമോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെയാണ് നവനീത് വിവാദ പ്രസ്താവന നടത്തിയത്. എ.ഐ.എം.ഐ.എമ്മിനോ കോണ്‍ഗ്രസിനോ നല്‍കുന്ന ഓരോ വോട്ടും നേരിട്ട് പാകിസ്ഥാനു പേകും. ഈ രണ്ടു കക്ഷികളോടും പാകിസ്ഥാന്‍ പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്. മോദിയുടെ തോല്‍വിയും രാഹുലിന്റെ വിജയവും ഉറപ്പാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പാകിസ്ഥാന്റെ താത്പര്യം അനുസരിച്ചാണ് കോണ്‍ഗ്രസ് രാജ്യം ഭരിച്ചത്. അതിനാല്‍ പാകിസ്ഥാന് അവരോട് പ്രത്യേക താല്‍പര്യമുണ്ടെന്നും നവനീത് റാണ പറഞ്ഞു.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഇത്തവണത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയാണ് നവനീത് റാണ. കഴിഞ്ഞയാഴ്ചയും സമാന രീതിയില്‍ അവര്‍ വിദ്വേഷ പരാമര്‍ശവുമായി രംഗത്തുവന്നിരുന്നു. ഹൈദരാബാദിനെ പാകിസ്ഥാന്‍ ആകുന്നതില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രക്ഷിക്കുമെന്നായിരുന്നു പ്രസ്താവന. ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയ്ക്കുവേണ്ടി പ്രചാരണം നടത്തവെയാണ് രണ്ടു തവണയും വിവാദ പരാമര്‍ശം നടത്തിയത്.

webdesk13: