ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുസ്്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്്‌ലിം സംഘടന നേതാക്കളും വിരമിച്ച മുസ്്‌ലിം ഉദ്യോഗസ്ഥന്‍മാരും ശ്രമം ആരംഭിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുഴുവന്‍ പിന്തുണയും കോണ്‍ഗ്രസിന് നല്‍കാനാണ് നേതാക്കള്‍ ഐക്യകണ്‌ഠ്യേന എടുത്ത തീരുമാനം. ജെ.ഡി.എസ്, എം.ഐ.എം, എസ്.ഡി.പി.ഐ എന്നിവര്‍ മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാലും പിന്തുണക്കരുതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നവരെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും മുസ്്‌ലിം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. മുസ്്‌ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ബി.ജെ.പിയ്ക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും യോഗം വിലയിരുത്തി. ബംഗളൂരു, ശിവമൊക്ഷ, കോലാര്‍, തുംകൂരു, ചിത്ര ദുര്‍ഗ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. വിവിധ സംഘടനകളിലെ നേതാക്കള്‍ ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോര്‍ കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്. മുസ്്‌ലിം വിഭാഗത്തെ കോണ്‍ഗ്രസിനൊപ്പം ഒറ്റക്കെട്ടായി നിര്‍ത്തുന്നതിനായി സംസ്ഥാന വ്യാപകമായി മുസ്്‌ലിം നേതാക്കളുടെ യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തു നിന്നുള്ള ഒരു മുസ്്‌ലിം വ്യവസായിയുമാണ് ഈ നീക്കത്തിന് പിന്നില്‍. എസ്.ഡി.പി.ഐ 60 സീറ്റുകളിലും എം.ഐ.എം 40 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇത് ഫലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കൂവെന്നാണ് മുസ്്‌ലിം സംഘടന നേതാക്കള്‍ വിലയിരുത്തുന്നത്. എം.ഐ.എം, എസ്.ഡി.പി.ഐ പാര്‍ട്ടികള്‍ നേരത്തെ ബൃഹത് ബംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കാരണം 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് തോറ്റിരുന്നു. ഈ വാര്‍ഡുകളില്‍ പലതും ബി.ജെ.പി വിജയിച്ചത് നാമമാത്രമായ വോട്ടുകള്‍ക്കാണ്.