ഇടുക്കിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് അധ്യാപിക ഛര്‍ദില്‍ വാരിപ്പിച്ചതായി രക്ഷിതാക്കളുടെ പരാതി. ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയിലെ എല്‍.പി സ്‌കൂളിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടിയുടെ രക്ഷിതാക്കളാണ് ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കിയത്.
നവംബര്‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസിലെ ഒരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛദിച്ചെന്നും അധ്യാപിക തന്റെ മകനോട് മാത്രമായി അത് വാരാന്‍ ആവശ്യപ്പെട്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
തന്റെ മകന് അത് വിഷമമുണ്ടാക്കിയെന്നും താന്‍ ഇവിടെ ഇരുന്ന് എഴുതിക്കോളാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക ദേഷ്യപ്പെടുകയും കൂട്ടിക്കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നെന്നും പരാതിയില്‍ പറയുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ അധ്യാപിക തടഞ്ഞെന്നും പറയുന്നു.
കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും എന്നാല്‍, അടുത്തദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രധാനാധ്യാപികയെ അറിയിക്കുകയായിരുന്നു. അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍ മാത്രം നടപടി ഒതുക്കി എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.