X
    Categories: Auto

മലനീകരണം മറയ്ക്കാന്‍ കൃത്രിമത്വം; ഫോക്‌സ് വാഗനെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കില്ല

ഡല്‍ഹി: മലിനീകരണ നിയന്ത്രണ നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കൃത്രിമം കാണിച്ചു എന്ന എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ സ്‌കോഡ ഓട്ടോ ഫോക്സ് വാഗന്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. പൊല്യൂഷന്‍ ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഡീസല്‍ കാറില്‍ കൃത്രിമ ഉപകരണം ഘടിപ്പിച്ചു എന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

നവംബര്‍ നാലിന് വാദം കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്തുകൊണ്ട് കേസില്‍ അന്വേഷണം നടക്കുന്നില്ല എന്ന് അന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് എഫ്ഐആര്‍ റദ്ദ് ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി സ്‌കോഡ ഓട്ടോ ഫോക്സ് വാഗന്റെ അപ്പീല്‍ തള്ളുകയായിരുന്നു.

മലിനീകരണ നിയന്ത്രണ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തില്‍ കൃത്രിമ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നേരിടണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിഴ ചുമത്തുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഇടപെടാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി സ്‌കോഡ ഓട്ടോ ഫോക്സ് വാഗന്റെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

മലിനീകരണ നിയന്ത്രണ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തില്‍ കൃത്രിമ ഉപകരണം ഘടിപ്പിച്ചെന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ കമ്പനി അപ്പീല്‍ നല്‍കിയത്.

മലിനീകരണ നിയന്ത്രണ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എന്‍ജിനില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയതു എന്നതാണ് പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ പരാതി കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു.

 

Test User: