X

സുഹൃദ് കക്ഷികളും എതിരായി; അംഗബലം കിട്ടുമോ എന്ന ആധി- കര്‍ഷക ബില്‍ പാസാക്കാന്‍ ചട്ടം മറികടന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച വേളയില്‍ ചെയര്‍മാന്‍ ചെയ്തത് സഭാ നടപടികളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍. സഭാ ചട്ടപ്രകാരം ബില്‍ വോട്ടിനിടാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാന്‍ ചെയറിലുണ്ടായിരുന്ന അധ്യക്ഷന്‍ ഹരിവന്‍ഷ് തയ്യാറായില്ല.

സഭാധ്യക്ഷന്റേത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് നിയമവിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുഹൃദ് കക്ഷികളായ ബിജെഡി ടിആര്‍എസ് അടക്കം മിക്ക കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ ശബ്ദ വോട്ടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ മൈക്കും ഓഫാക്കിയിരുന്നു.

ശബ്ദ വോട്ടിനിടാമെന്ന ചെയര്‍മാന്റെ തീരുമാനം പ്രതിപക്ഷം എതിര്‍ത്തു. വോട്ടിനിടണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ സഭാ ചെയര്‍മാന്‍ അതിനു തയ്യാറായില്ല. ശബ്ദ വോട്ടിനിടുന്നത് ഏതെങ്കിലും ഒരു അംഗം എതിര്‍ത്താല്‍ പിന്നീട് ഡിവിഷന്‍് (ഇലക്ട്രോണിക്/പേപ്പര്‍ ബാലറ്റ് വോട്ടിങ്) വേണമെന്നാണ് സഭാ ചട്ടത്തിലെ 252 വകുപ്പ് അനുശാസിക്കുന്നത്.

ഇതേക്കുറിച്ച് ചോദിച്ച വേളയില്‍, പ്രതിപക്ഷത്തോട് സീറ്റുകളിലേക്ക് തിരിച്ചുപോകാന്‍ സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു എന്നും അതു ചെയ്യാത്തത് കൊണ്ടാണ് ശബ്ദ വോട്ടിനിട്ടത് എന്നും പാര്‍ലമെന്ററി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വോട്ടിനിടാത്ത സഭാധ്യക്ഷന്റെ നടപടി പാര്‍ലെന്ററി ജനാധിപത്യത്തിന് കത്തിവയ്ക്കുന്നതു പോലെയാണ് എന്നാണ് തൃണമൂല്‍ അംഗം ഡെറക് ഒബ്രയാന്‍ കുറ്റപ്പെടുത്തിയത്. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതേണ്ട. അതു കൊണ്ടാണ് പ്രതിഷേധിച്ചത്. സര്‍ക്കാറിനെതിരെ വോട്ടു ചെയ്യാത്ത ടിആര്‍എസും ബിജെഡിയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാറിന് അവരുടെ അംഗബലത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ സമ്മതിക്കാതിരുന്നത്- അദ്ദേഹം ആരോപിച്ചു.

അണ്ണാ ഡിഎംകെ, ടിആര്‍എസ്, ബിജെഡി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ ഉപരിസഭയില്‍ എതിര്‍ത്തത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കി. നേരത്തെ ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ ഏറ്റവും പഴക്കം ചെന്ന സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അവരുടെ മന്ത്രിയെ രാജിവപ്പിച്ചിരുന്നു.

ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്ലുകളാണ് ഞായറാഴ്ച സഭ പാസാക്കിയത്.

ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസ്സൈന്‍, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

 

Test User: