X
    Categories: MoreNews

വോഡഫോണ്‍ ഐഡിയക്ക് കനത്ത് തിരിച്ചടി; നേട്ടം കൊയ്ത് ജിയോ

കോവിഡ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നല്‍കിയത്. മിക്ക കമ്പനികളും സാമ്പത്തികമായി വന്‍ പ്രതിസന്ധി നേരിടുന്നതിനോടൊപ്പം വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു. ട്രായിയുടെ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ ജിയോ മാത്രമാണ് നേട്ടമുണ്ടാക്കിയത്. വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കമ്പനികള്‍ വന്‍ നഷ്ടമാണ് നേരിട്ടത്.

ജൂണില്‍ മാത്രം വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 48 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. തുടര്‍ച്ചയായ എട്ട് മാസവും ഇടിവാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ ഉപയോക്താക്കളുടെ നഷ്ടം 11 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, റിലയന്‍സ് ജിയോ 45 ലക്ഷം വരിക്കാരെയാണ് ചേര്‍ത്തത്. ജൂണില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത ഏക ടെലികോം കമ്പനിയും ജിയോയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിന് ജൂണില്‍ 17 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ഇന്ത്യയുടെ മൊത്തത്തിലുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം 2ജി, 3ജി, 4ജി എന്നിവ ജൂണില്‍ 32 ലക്ഷം കുറഞ്ഞ് മൊത്തം 114 കോടിയായി.

നഗരങ്ങളിലെ മൊത്തം സബ്‌സ്‌ക്രിപ്ഷന്‍ 637.9 ദശലക്ഷത്തില്‍ നിന്ന് ജൂണ്‍ മാസത്തില്‍ 636.8 ദശലക്ഷമായി കുറഞ്ഞു. ലോക്ഡൗണ്‍ കാരണം നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍, ഗ്രാമീണ സബ്‌സ്‌ക്രിപ്ഷനുകളും 523.7 ദശലക്ഷമായി കുറഞ്ഞു. ഒരു മാസം മുന്‍പ് ഇത് 525.8 ദശലക്ഷമായിരുന്നു.

 

 

Test User: