X
    Categories: Newstech

വോഡഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയില്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ‘വി’ എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയ വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. എന്തായാലും, ഈ സമയത്തും ചെറിയൊരു പ്രതീക്ഷയുടെ നാമ്പ് വിയുടെ കാര്യത്തിലുണ്ടെന്നാണ് ടെലികോംടോക്ക്. ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നത്. അത് ബിഎസ്എന്‍എല്‍-വി ലയനമാണ്. എന്നാല്‍ ഇതിനു നിരവധി വെല്ലുവിളികളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിയുടെ ഇപ്പോഴത്തെ നില പരിശോധിച്ചാല്‍ പ്രധാന എതിരാളികളായ റിലയന്‍സ് ജിയോയെയും എയര്‍ടെലിനെയും അപേക്ഷിച്ച് കമ്പനിക്ക് അധികമായുള്ളത് കടം മാത്രമാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ട് എതിരാളികളും അനുദിനം ശക്തിപ്രാപിക്കുകയുമാണ്. പലപ്പോഴും വിയില്‍ നിന്നു വിട്ടുപോകുന്ന ഉപയോക്താക്കളാണ് ഈ കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. വിയ്ക്ക് എങ്ങനെയാണ് ഇനി പിടിച്ചുനില്‍ക്കാനാകുക എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പിടിച്ചുനില്‍ക്കാനായാല്‍ പോലും തങ്ങളുടെ എതിരാളികള്‍ക്കൊപ്പമെത്താന്‍ എന്തു ചെയ്യേണ്ടിവരുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവില്‍ വി തിരിച്ചടയ്‌ക്കേണ്ട കടം 58,631 കോടി രൂപയാണ്. ഇതില്‍ 5,034 കോടി രൂപ 2021 ഡിസംബറില്‍ തിരച്ചടയ്ക്കുകയും വേണം. ഇതു നടക്കാനുള്ള സാധ്യത കുറവാണെന്നും പറയുന്നു. അതേസമയം, എയര്‍ടെലിന്റെ കടം 25,976 കോടി രൂപയാണ്. ഇതില്‍ 2,598 കോടി രൂപയാണ് ഈ വര്‍ഷം തിരിച്ചടയ്‌ക്കേണ്ടിവരിക. മാര്‍ച്ചില്‍ വോഡഫോണ്‍ ഐഡിയയുടെ മൊത്തം കടം 1.75 ലക്ഷം കോടിയാണ്. എയര്‍ടെലിന്റേത് 1.53 കോടി രൂപയും.

 

വിയ്ക്ക് 2020 തുടക്കം മുതലുള്ള കണക്കുകള്‍ പ്രകാരം 5.1 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ എയര്‍ടെലിന് 2.1 കോടി വരിക്കാരെയാണ് ലഭിച്ചതെങ്കില്‍ റിലയന്‍സ് ജിയോയ്ക്ക് 6.2 കോടി പുതിയ വരിക്കാരെ ലഭിച്ചു. വിയ്ക്കു നഷ്ടമാകുന്നത് 4ജി വരിക്കാരെയാണ് എന്നതാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന കാര്യം. മേയിലെ കണക്കുകള്‍ പ്രകാരം വിയില്‍ നിന്ന് ഒരു 2ജി അല്ലെങ്കില്‍ 3ജി വരിക്കാരന്‍ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ടു ചെയ്യുമ്പോള്‍ മൂന്ന് 4ജി വരിക്കാര്‍ പോര്‍ട്ട് ചെയ്തു പോകുന്നു.

കൂടാതെ, 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന വരുമാനവും കുറഞ്ഞു. മാര്‍ച്ച് അവസാനം 4ജി വരിക്കാരില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞു. മൂന്നു മാസം മുന്‍പ് ഇത് 121 രൂപയായിരുന്നു. എയര്‍ടെലിന് ഇത് 145 രൂപയും, ജിയോയ്ക്ക് 138 രൂപയുമാണ്. വരുമാനം വര്‍ധിപ്പിക്കാനായി വി വരിസംഖ്യ ഉയര്‍ത്തിയാല്‍ വരിക്കാര്‍ വിട്ടു പോകാന്‍ ഇടവരുത്തുമെന്നതും കമ്പനിയെ വിഷമത്തിലാക്കുന്നു.

 

Test User: