ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചു. ജൂലായ് 4 മുതല്‍ വര്‍ധനവ് നിലവില്‍ വരും. എയര്‍ടെലിന് സമാനമായ നിരക്ക് വര്‍ധനയാണ് വോഡഫോണ്‍ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വര്‍ധിപ്പിച്ചു.
പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 269 രൂപയുടെ പ്ലാനിന് ഇനിമുതല്‍ 299 രൂപ നല്‍കേണ്ടി വരും. 28 ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ നിരക്ക് 349 രൂപയായി വര്‍ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ 12.5 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് വിവിധ പ്ലാനുകളില്‍ വരുത്തിയിരിക്കുന്നത്. എയര്‍ടെല്‍ 11 മുതല്‍ 21 ശതമാനം വരെയാണ് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
ജൂലൈ 3 മുതല്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെല്‍ താരിഫ് ഉയര്‍ത്താന്‍ കാരണം.