തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ അരങ്ങേറിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദിന്റെ കുടുംബത്തോടും പാര്‍ലമെന്റിനോടും മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച എം.പിയോടുള്ള ആദരസൂചകമായി അനുശോചനം അര്‍പ്പിച്ച് പിരിയേണ്ടതിന് പകരം ബജറ്റ് അവതരണം തടസപ്പെടാതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ആസ്പത്രിയില്‍ നടന്നത്.
മോദി സര്‍ക്കാറിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനിന്ന സ്പീക്കര്‍ സഭയോട് കാണിക്കേണ്ട ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തി. ബജറ്റ് ഒരു ദിവസം മാറ്റി വെച്ചു എന്നു കരുതി ഒന്നും സംഭവിക്കില്ല. ബജറ്റ് ചോരുമെന്ന ആശങ്ക അസ്ഥാനത്താണ്. അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചു വെക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനോടും രാജ്യത്തോടും അനാദരവും പരേതനോടും കുടുംബംഗങ്ങളോടും അനീതിയുമാണ് കാണിച്ചത്. മാപ്പു പറയാതെ ഇനിയും ഇത് തര്‍ക്ക വിഷയമാക്കരുത്. ഒരു മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തിന് ഉണ്ടായ ദുരനുഭവം പ്രതിഷേധകരമാണ്.
ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാനോ അദ്ദേഹത്തെ ബന്ധുക്കളെ കാണിക്കാനോ ആസ്പത്രി അധികൃതര്‍ അനുവദിച്ചില്ല. ഒരു കേന്ദ്രമന്ത്രി ആസ്പത്രിയില്‍ വന്നു പോയതിന് ശേഷമാണ് ആസ്പത്രി അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്. സംഭവം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനില്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനല്ലായിരുന്നിട്ടും കോണ്‍ഗ്രസുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം എടുത്തു പറയേണ്ടതാണ്.
ഇന്ദിരാഗാന്ധിയില്‍ തുടങ്ങിയ ആ ബന്ധം രാജീവ് ഗാന്ധി, സോണിയ ഗാന്ധിയിലൂടെ രാഹുല്‍ഗാന്ധിയില്‍ എത്തി നില്‍ക്കുകയാണ്. ആസ്പത്രിയില്‍ എത്തിച്ച അദ്ദേഹത്തെ കാണാന്‍ അര്‍ധരാത്രിയിട്ട് പോലും സോണിയയും രാഹുലും ആസ്പത്രിയില്‍ എത്തിയത് അതിന് തെളിവാണ്. ലോകവേദികളില്‍ ഇന്ത്യയുടെ മതേതരമുഖമാണ് അഹമ്മദിലൂടെ ദൃശ്യമായത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ രാജ്യത്തും കേരളത്തിലും എന്തും സംഭവിക്കാവുന്ന അവസ്ഥയായിട്ടു പോലും അണികളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പാണക്കാട് കുടുംബത്തിനൊപ്പം അദ്ദേഹവും അക്ഷീണം പരിശ്രമിച്ചു. കടപ്പാടോടെ മാത്രമേ രാജ്യത്തിന് ഈ സംഭവം ഓര്‍ക്കാനാകു എന്നും സുധീരന്‍ പറഞ്ഞു.
അര്‍പ്പണബോധമുള്ള മാതൃകാ പാര്‍ലമെന്റേറിയനായിരുന്നു അഹമ്മദെന്ന് അദ്ദേഹത്തോടൊപ്പം നിയമസഭയിലും പാര്‍ലമെന്റിലും പ്രവര്‍ത്തിച്ച തനിക്ക് അടുത്തറിയാവുന്നതാണ്. സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നപ്പോള്‍ ചെറുകിട വ്യവസായമേഖലക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ നയങ്ങളും നിലപാടുകളും സുവ്യക്തമായ രീതിയില്‍ അവതരിപ്പിച്ച് മറ്റു വിദേശരാജ്യങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.
ഔദ്യോഗികബന്ധം എന്നതിനേക്കാള്‍ വിദേശഭരണാധികാരികളുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധവും അദ്ദേഹത്തിന്റെ വിദേശയാത്രകളും മന്ത്രിയെന്ന നിലയിലും രാജ്യത്തിനും ഏറെ ഗുണം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് ബന്ദികളെ വിട്ടു കിട്ടാന്‍ വേണ്ടി അദ്ദേഹം അറബിയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. മുസ്‌ലിംലീഗിന്റെ അമൂല്യസമ്പത്താണെന്നതിലുപരി രാജ്യത്തിന്റെ സമ്പത്തായിരുന്നു അഹമ്മദെന്നും സുധീരന്‍ പറഞ്ഞു.