X

റഷ്യന്‍ സൈനിക വിമാനം ഇസ്രാഈല്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് പുടിന്‍

മോസ്‌കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രാഈലാണ് അപകടത്തിന് കാരണമെന്നും ഉചിതമായ പ്രതികാര നടപടിയുണ്ടാകുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കവെ അനുനയത്തിന്റെ ഭാഷയിലാണ് പുടിന്‍ സംസാരിച്ചത്. സിറിയയില്‍ വ്യോമാക്രമണം നടത്താനെത്തിയ ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണം തടയുന്നതിന് റഷ്യയുടെ നിരീക്ഷണ വിമാനത്തെ മറയാക്കി അപകട മേഖലയിലേക്ക് തള്ളിനീക്കുകയായിരുന്നുവെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ക്കെതിരെ സിറിയ വിക്ഷേപിച്ച മിസൈലേറ്റ് റഷ്യന്‍ വിമാനം തകരുകയും അതിലുണ്ടായിരുന്ന 15 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇസ്രാഈലിനോട് പ്രതികാരം ചോദിക്കേണ്ടതില്ലെന്നാണ് പുടിന്റെ അഭിപ്രായം.

എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ വിമാനത്തെ മനപ്പൂര്‍വ്വമായാണ് തുര്‍ക്കി പോര്‍വിമാനം വെടിവെച്ചു വീഴ്ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രാഈലിനെതിരെ പ്രതികാരം ചെയ്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കേണ്ടതില്ലെന്നാണ് പുടിന്റെ നിലപാട്. റഷ്യന്‍ വിമാനം തകര്‍ന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സിറിയയും ഇറാനും ഹിസ്ബുല്ലയുമാണ് അതിന് ഉത്തരവാദികളെന്നും ഇസ്രാഈല്‍ ആരോപിക്കുന്നു. സംഭവം നടന്ന ഉടന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുടിനെ ഫോണില്‍ വിളിച്ച് ദു:ഖം അറിയിച്ചിരുന്നു. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കുമെന്നും ഇസ്രാഈല്‍ വ്യോമസേനാ മേധാവിയെ മോസ്‌കോയിലേക്ക് അയക്കാമെന്നും നെതന്യാഹു ഉറപ്പുനല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ നേരിട്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് റഷ്യയും ഇസ്രാഈലും ഹോട്ട്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുപ്രകാരം സിറിയക്കെതിരെയുള്ള ഏത് സൈനിക നടപടിയും റഷ്യ മുന്‍കൂട്ടി അറിയും. പ്രസിഡന്റ് ബഷാറുല്‍ അസദിനെ യുദ്ധത്തില്‍ സഹായിക്കാനെത്തിയ റഷ്യ സിറിയയിലെ ഇസ്രാഈല്‍ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്.

chandrika: