നിലമ്പൂര്‍: പ്രളയാനന്തര മനുഷ്യ സ്‌നേഹത്തിന്റെ കഥകളില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ് വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ (തിങ്കള്‍) നിലമ്പൂരിലെത്തിയത്. പകരം, സഹായം കൊടുക്കാനാണ്. നിലമ്പൂരിനെ പുനര്‍ നിര്‍മ്മിക്കാന്‍ ഒരു ലക്ഷം രൂപയാണ് വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. ഇന്നലെ രാവിലെ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഓഫീസിലെത്തിയ ഇവര്‍ തുക അദ്ദേഹത്തിനു കൈമാറി.
വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരുമാണ് തുക സമാഹരിച്ചത്. വിതുമ്പലോടെയാണ് പി.വി അബ്ദുല്‍ വഹാബ് എം.പി തുക ഏറ്റുവാങ്ങിയത്. നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി സഹായിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ സമാഹരിക്കുകയും ചെയ്ത അദ്ദേഹത്തിന് ഇതൊരു പുതിയ അനുഭവമായിരുന്നു. 100 കോടിയുടെ മൂല്യമുണ്ട് ഈ പണത്തിനെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് തെളിയിച്ച ഓരോ മനുഷ്യ സ്‌നേഹികള്‍ക്കും പ്രചോദനമാണെന്നും വലിയൊരു സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ സകലതും നഷ്ടമായ കരുളായിയിലെ സെറിബ്രല്‍ പാള്‍സി ബാധിതനായ സഹപാഠിയെ കാണാന്‍ വീട്ടുപകരണങ്ങളുമായാണ് ഇവര്‍ ചെന്നത്. പി.വി അബ്ദുല്‍ വഹാബ് എം.പി അവരെ അനുഗമിക്കുകയും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിതാവിന്റെ ഓര്‍മ്മയ്ക്കായി വി.കെ. മുഹമ്മദ് അഷ്‌റഫ് ആണ് വളാഞ്ചേരിയില്‍ വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. പതിനേഴ് വര്‍ഷങ്ങള്‍ കൊണ്ട് ബുദ്ധിപരവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന മൂവായിരത്തോളം കുട്ടികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സൗജന്യമായി നല്‍കാന്‍ വി.കെ.എം. സ്‌പെഷ്യല്‍ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി ബാധിച്ച് തീവ്ര ചലനവൈകല്യമുള്ള മുന്നൂറോളം കുട്ടികള്‍ക്ക് സൗജന്യ വൈകല്യ നിവാരണ ശസ്ത്രക്രിയ നടത്താനും ശേഷമുള്ള പുനരധിവാസ പരിശീലനത്തോടെ നടക്കാന്‍ പ്രാപ്തരാക്കാനും വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിനു സാധിച്ചു. ഇത് ഈ മേഖലയിലെ ലോക റെക്കോര്‍ഡാണ്. ഭിന്നശേഷി മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിന് നേതൃത്വം നല്‍കുന്നത് ചെയര്‍മാന്‍ വി.കെ.അഷ്‌റഫാണ്.