ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്‍ന്ന് സംഘര്‍ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്‍ രാജ്ഭവനില്‍ നിന്ന് കാര്യമായ വാര്‍ത്തകളൊന്നും പുറത്തുവരാതിരുന്ന ഇന്നലെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ പാര്‍പ്പിച്ച കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് ആയിരുന്നു ശ്രദ്ധാ കേന്ദ്രം.
ശശികല ഇന്നലെയും റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം എം.എല്‍എമാരെ കാണാന്‍ റിസോര്‍ട്ടില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംഘര്‍ഷ ഭരിതമായ മണിക്കൂറുകളായിരുന്നു തമിഴകത്ത്. മാധ്യമപ്രവര്‍ത്തകരുടെ വന്‍ പടതന്നെ വിവരം അറിഞ്ഞ് റിസോര്‍ട്ട് പരിസരത്ത് തമ്പടിച്ചു. ഇതിനിടെ എം.എല്‍.എമാരെ കാണണമെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ശശികല ക്യാമ്പിലുള്ളവര്‍ അനുവദിച്ചില്ല. ഇതോടെ റിസോര്‍ട്ടിനു മുന്നില്‍ നേരിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിനൊപ്പം എ.ഐ.എ.ഡി.എം.കെ നേതൃത്വം ഏര്‍പ്പാട് ചെയ്തവരും ചേര്‍ന്നാണ് മാധ്യമങ്ങളെ തടഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിസോര്‍ട്ടിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
അതേസമയം മാധ്യമങ്ങളെ കാണാന്‍ എം.എല്‍.എമാര്‍ ആഗ്രഹിക്കുന്നില്ലെന്നും ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് സ്വകാര്യ സ്വത്തായതിനാല്‍ അവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ തടഞ്ഞതെന്നുമുള്ള വാദവുമായി പൊലീസ് രംഗത്തെത്തി.
ഇതിനിടെ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്ന എം.എല്‍.എമാരെക്കൂടി ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിച്ചു. പന്നീര്‍ശെല്‍വം എത്തിയാല്‍ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും ചെറുക്കുമെന്നുമുള്ള പ്രഖ്യാപനവുമായി എം.എല്‍. എ ഒ.എസ് മണിയന്‍ രംഗത്തെത്തി. 127 എം.എല്‍.എമാരാണ് കൂവത്തൂരിലെ റിസോര്‍ട്ടിലുള്ളത്.
വൈകീട്ട് മാധ്യമങ്ങളെ കണ്ട ശശികല, പന്നീര്‍ശെല്‍വം ക്യാമ്പിനെതിരെ ആഞ്ഞടിച്ചു. എ.ഐ.എ.ഡി. എം.കെ ഒരു കുടുംബം പോലെ തുടരുമെന്നും എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ശശികല പറഞ്ഞു. എം.എല്‍.എമാരെ താന്‍ തടഞ്ഞുവെച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ റിസോര്‍ട്ടില്‍ തങ്ങുന്നത്. ഫോണ്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും എം.എല്‍.എമാര്‍ ഉപയോഗിക്കുന്നുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ആരെന്ന് തനിക്കറിയാം. എതിരാളികള്‍ പല ചതികളും പയറ്റും. എന്നാലും അവര്‍ തോറ്റു പോകത്തേയുള്ളൂ. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവര്‍ണറുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
- 8 years ago
chandrika
സര്‍ക്കാര്‍ രൂപീകരണം: തമിഴ് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു
Ad