തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വെട്ടിലായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. സർക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ച് ഒരു കുടുംബം പഴയ വീടിന്റെ മുറ്റത്ത് നിൽക്കുന്നതും പുതിയ വീട് ഉണ്ടാക്കിയതിനു ശേഷവുമുള്ള ചിത്രമാണ് എംഎൽഎ പോസ്റ്റ് ചെയ്തത്. എന്നാൽ വീടിന്റെ യഥാർത്ഥ ഉടമ എത്തിയതോടെ എംഎൽഎ പോസ്റ്റ് മുക്കി ഓടുകയായിരുന്നു.
വീട്ടുടമയുടെ മകൻ ജെമിച്ചൻ ജോസ് ആണ് കൂലിപ്പണിയെടുത്ത് അധ്വാനിച്ചുണ്ടാക്കിയ വീടാണിതെന്നും എംഎൽഎ പറയുന്നതുപോലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് അല്ലെന്നും പറഞ്ഞ് രംഗത്ത് വന്നത്. വീട് നിർമ്മാണത്തിന് സർക്കാരിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വീടിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് എംഎൽഎ നാടകം കളിച്ചത്.
എംഎൽഎ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം ഉള്ളത് തന്റെ അച്ഛനുമമ്മയും ആണെന്നും സർക്കാരോ എംഎൽഎയോ സഹായിക്കാത്ത വീട് നിർമ്മാണം സർക്കാർ കണക്കിൽ എഴുതി ച്ചേർക്കുന്നത് ശരിയല്ലെന്നും ജെമിച്ചൻ പറഞ്ഞു.
സംഭവം പാളിയെന്ന് മനസ്സിലായതോടെ പോസ്റ്റ് പിൻവലിക്കുകയാണ് എംഎൽഎ ചെയ്തത്. എന്നാൽ അപ്പോഴേക്കും പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രളയകാലത്ത് തിരുവനന്തപുരത്തുനിന്നുള്ള വാഹനങ്ങളുടെ മുമ്പിൽ നിന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചിരുന്ന അതേ രീതിയിലാണ് വികെ പ്രശാന്ത് ഈ വിഷയത്തിലും ഇടപെട്ടതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. വി കെ പ്രശാന്ത് എംഎൽഎക്കെതിരെ വ്യാപകമായി ട്രോളുകൾ വന്നുകൊണ്ടിരിക്കുകയാണ്.