X

പൊലീസിനെ നിലക്ക് നിര്‍ത്താനാവുന്നില്ല: വി.കെ ഇബ്രാഹിംകുഞ്ഞ്

 

തിരുവനന്തപുരം: ചില കേസുകളില്‍ നിഷ്‌ക്രിയരായി നില്‍ക്കുന്ന പൊലീസ് മറ്റ് കേസുകളില്‍ ജനാധിപത്യവിരുദ്ധമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് മുസ്‌ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന ഹാളില്‍ കയറി പൊലീസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി പങ്കെടുത്ത യോഗത്തിനടുത്ത് ബോംബാക്രമണം ഉണ്ടായിട്ട് അതിലെ പ്രതികളെ പിടികൂടാന്‍ ഇന്നേ വരെ സാധിച്ചിട്ടില്ല. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ നഗരസഭാ മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ നാളിതുവരെയായിട്ടും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയത് മേയറാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതായും ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലപാടാണ് പൊലീസിനുള്ളത്. സംസ്ഥാന പൊലീസില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്നത് ഭരണകക്ഷിനേതാക്കളാണ്. പൊലീസിനെ വരുതിക്ക് നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് നടത്തുന്ന മോഷണങ്ങള്‍ പെരുകുകയാണ്. ഒരു മോഷണക്കേസിലും തുമ്പുണ്ടാക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന ഒരു റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പത്രത്തില്‍ വാര്‍ത്ത വരുന്നു. ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അടിച്ചമര്‍ത്തപ്പെട്ട ബ്ലേഡ് മാഫിയ പൂര്‍വാധികം ശക്തിയോടെ സംസ്ഥാനത്തേക്ക് തിരിച്ചു വന്നിരിക്കുന്നു. ഒന്നര വര്‍ഷത്തിനകം 20 ഓളം രാഷ്ട്രീയ കൊലപാതങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടമ്മമാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം വൈപ്പിനില്‍ മാനസിക വൈകല്യമുള്ള ഒരു വീട്ടമ്മയെ സ്ത്രീകള്‍ തന്നെ ക്രൂരമായി മര്‍ദിക്കുന്ന കാഴ്ച കേരളം കണ്ടതാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് അവരെ മര്‍ദിച്ചതെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഇവര്‍ക്ക് എതിരെ ലഘുവായ കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളു. കാസര്‍കോട്ടെ വീട്ടമ്മമാരുടെ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടാനും പൊലീസിന് കഴിഞ്ഞില്ല. ചെമ്പരിക്ക ഖാസിയുടെ വധത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും സര്‍ക്കാറിനായില്ല. കാസര്‍കോട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ എന്‍.എ നെല്ലിക്കുന്ന് അവിടുത്തെ ജനങ്ങളുടെ വികാരമാണ് മുഖ്യമന്ത്രിയെ അറിയിക്കാന്‍ ശ്രമിച്ചത്, സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്കായില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

chandrika: