X

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; കളിപ്പാവയായി വിജിലന്‍സ്

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് വിമര്‍ശം. യുഡിഎഫ് നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന മുസ്‌ലിംലീഗിന്റെ വിമര്‍ശനത്തിന് ദിവസങ്ങള്‍ക്കകമാണ് ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുന്നത്. പാലാരിവട്ടം കേസില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് യുഡിഎഫ് നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയിരുന്നത്. എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, കെഎം ഷാജി എന്നിവര്‍ക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്തും മറ്റു അഴിമതിക്കേസുകളും മറച്ചുവയ്ക്കാന്‍ പ്രതിപക്ഷ നേതാക്കളെ കരുവാക്കുന്ന തന്ത്രമാണ് പിണറായി സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പയറ്റുന്നത്. കിഫ്ബിയില്‍ അടക്കം സര്‍ക്കാര്‍ പ്രതിരോധത്തിലായ വേളയിലാണ് ഈ അറസ്റ്റ് എന്നതാണ് ശ്രദ്ധേയം.

അതിനിടെ, മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ നിന്ന് മടങ്ങിയത് ജാള്യതയോടെയാണ്. സര്‍വസന്നാഹങ്ങളുമായാണ് വിജിലന്‍സ് സംഘം ആലുവയിലെ വീട്ടിലെത്തിയത്. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ആണെന്നും ഭാര്യ അറിയിച്ചെങ്കിലും വിജിലന്‍സിന് വിശ്വാസം വന്നില്ല. തൊട്ടുപിന്നാലെ വീട്ടില്‍ കയറി പരിശോധന നടത്തി. ആരെയും കണ്ടെത്താനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ പ്രതികരണത്തില്‍ ഈ ജാള്യത പ്രകടമായിരുന്നു.

ഇതിനു ശേഷമാണ് ഇബ്രാഹിം കുഞ്ഞ് ചികിത്സയിലിരിക്കുന്ന ലേക് ഷോര്‍ ആശുപത്രിയില്‍ വിജിലന്‍സ് എത്തിയത്. ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്.

Test User: