തിരുവനന്തപുരം: ലത്തിന്‍ സഭയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം 25 ദിവസം പിന്നിടുമ്പോഴും കടുംപിടുത്തം തുടര്‍ന്ന് സര്‍ക്കാര്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനായി ആരും വരേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് ഇപ്പോള്‍ സമരം കൂടുതല്‍ ശക്തമായിരിക്കുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നാണ് ലത്തിന്‍ സഭാ നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിതലത്തിലും മുഖ്യമന്ത്രിയുമായും നാലു പ്രാവശ്യം ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല.
തിരുവോണം നാളില്‍ ഇലമാത്രം വിളമ്പി മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. തിരുവോണ നാളില്‍ വേറിട്ട പ്രതിഷേധം കൊണ്ട് ശ്രദ്ധേയമായി. തീരം കരയുന്നു എന്ന മുദ്രാവാക്യം മുഴക്കി വൈദികരും മത്സ്യതൊഴിലാളികളുമടങ്ങിയ പ്രതിഷേധക്കാര്‍ വാഴയിലകള്‍ക്ക് മുന്നില്‍ ഇരുന്ന് ഗ്ലാസുകള്‍ കമഴ്ത്തിവെച്ച് കല്ലും മണ്ണുമടക്കം പ്രതീകാത്മക സദ്യവിളമ്പി നിരാഹാര സമരം നടത്തിയാണ് പ്രതിഷേധിച്ചത്. നൂറുകണക്കിന് സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത രാപ്പകല്‍ സമരം സമരസമിതി കണ്‍വീനര്‍ ഫാ.തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമരപ്പന്തലില്‍ നടന്നുവരുന്ന റിലേ നിരാഹരമനുഷ്ഠിച്ച ഫാ.എ.ആര്‍ ജോണ്‍, ഫാ.സ്റ്റാന്‍സിലാസ് തിയോസ് മാസ്, ഫാ.മനീഷ് പീറ്റര്‍, അല്‍മായരായ ജാക്‌സന്‍, ലിബിന്‍, ഹാംലെറ്റ്, സിസ്റ്റര്‍ ഷേര്‍ളി എന്നിവര്‍ക്ക് വൈകുന്നേരം മലങ്കര സുറിയാനി സഭ പരമാധ്യക്ഷന്‍ കര്‍ദിനാല്‍ ക്ലിമ്മീസ് മാര്‍ബസേലിയോസ് കത്തോലിക്കബാവ നാരങ്ങാ നീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു. രാപ്പകല്‍ സമരത്തിന്റെ 25-ാം ദിനമായ ഇന്നലെ തോപ്പ്, കൊച്ച് തോപ്പ്, ചെറിയതുറ എന്നവിടങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.