തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പല്‍ ‘ഷെന്‍ഹുവ 15’നെ സ്വീകരിച്ചുകൊണ്ട് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കും. 5000ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, സി.ഇ.ഒ രാജേഷ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ കപ്പല്‍ എത്തിയപ്പോള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കിട്ടിയത് 30 കോടിയുടെ വരുമാനം. ഇവിടെ എത്തിച്ച് ക്രെയിനുകളുടെ വിലയുടെ 18 ശതമാനം ജി.എസ്.ടി എന്ന നിലക്കാണ് ഇത്രയും വരുമാനം ലഭിച്ചത്. 30 കോടി രൂപ നികുതിയിനത്തില്‍ ട്രഷറിയില്‍ അടച്ചു.