X
    Categories: MoreViews

വിഴിഞ്ഞം പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാവില്ലെന്ന് അദാനി

 

വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം അടക്കം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി സര്‍ക്കാരിന് അപേക്ഷ നല്‍കി. ഓഖി ചുഴലിക്കാറ്റില്‍ തുറമുഖ നിര്‍മാണത്തിനെത്തിച്ച ഡ്രഡ്ജറുകള്‍ തകര്‍ന്നെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.
ഓഖി ദുരന്തമാണ് പദ്ധതിക്ക് പ്രതിസന്ധിയുണ്ടാക്കിയത്. ഡ്രഡ്ജിങ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഓഖി ദുരന്തം ബാധിച്ചു. അതുകൊണ്ട് തന്നെ നിശ്ചയിച്ച സമയത്ത് തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
1460 ദിവസങ്ങള്‍ കൊണ്ട് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് പാലിക്കാനാവില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കും. പഠനം നടത്തി ഏജന്‍സി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
തുറമുഖ നിര്‍മാണത്തിനായി നിലവില്‍ ഡ്രഡ്ജിങ് ജോലികള്‍ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 53 ഹെക്ടര്‍ ഭൂമി നികത്തേണ്ടയിടത്ത് 33 ഹെക്ടര്‍ ഭൂമി നികത്തി. പുലിമുട്ട് നിര്‍മാണത്തിന്റെ ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഓഖിയെ തുടര്‍ന്ന് പുലിമുട്ടിന്റെ പലഭാഗങ്ങളും തകര്‍ന്നുപോയിട്ടുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് അദാനി സമയം നീട്ടിച്ചോദിച്ചിരിക്കുന്നത്. ഓഖി ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കരാറുകാരായ അദാനിയും ഉപകരാര്‍ നേടിയ ഹോവെ കമ്പനിയും കത്തിലൂടെ അറിയിച്ചു.
നഷ്ടപരിഹാരമായി 100 കോടി ഹോവെ അദാനിയോട് ചോദിച്ചു. ഹോവെയുടെ ആവശ്യങ്ങളും കൂടി ചേര്‍ത്താണ് പദ്ധതിക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അദാനി സര്‍ക്കാരിനെ അറിയിച്ചത്. അടുത്ത ഡിസംബറിന് ശേഷവും ഏതാണ്ട് 16 മാസം കൂടി വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം പാറ കിട്ടാനില്ലാത്ത സാഹചര്യം കത്തില്‍ സൂചിപ്പിട്ടില്ല. പാറക്കല്ല് ക്ഷാമം മൂലം മാസങ്ങളായി നിര്‍മ്മാണം നിലച്ചിരിക്കുകയാണ്.
പ്രൃകൃതിദുരന്തമാണ് കരാര്‍ ലംഘനത്തിന്റെ കാരണമെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. അല്ലാത്ത പക്ഷം കാലാവധി കഴിഞ്ഞ് ഒരോ ദിവസവും 12 ലക്ഷം അദാനി സര്‍ക്കാറിന് നഷ്ടപരിഹാരമായി നല്‍കണം. പാറക്കല്ല് കണ്ടെത്തേണ്ട ബാധ്യത അദാനിക്കാണ്. അത് നടക്കാതെ വന്നപ്പോള്‍ ഓഖിയെ പഴിച്ച് പദ്ധതി വൈകിപ്പിക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. എഞ്ചിനീയര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി തുടര്‍ നിലപാട് തീരുമാനിക്കും.

chandrika: