X

പൊലീസും വേണ്ട, പട്ടാളവും വേണ്ട, വീരവാദങ്ങളും വേണ്ട; ഇങ്ങനെയും ഭൂമി ഏറ്റെടുക്കാം..!

വിഴിഞ്ഞത്ത് തുറമുഖം നിര്‍മിക്കാന്‍ ആദാനിയും സംസ്ഥാനസര്‍ക്കാരും കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ പഴയ കഥയോര്‍ക്കുന്ന ചിലരുണ്ട് ഇങ്ങ് തിരുവനന്തപുരത്ത്. സമാധാനപരമായും സൗഹാര്‍ദത്തോടെയും സ്ഥലമേറ്റെടുത്ത കഥയാണത്. തുമ്പയില്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി അന്നത്തെ ഐ.എസ്.ആര്‍.ഒ തലവന്‍ വിക്രം സാരാഭായി നടത്തിയ യത്‌നമാണ് ഇന്നും അഭിമാനത്തോടെ നാട്ടുകാരും ശാസ്ത്രജ്ഞരും ഓര്‍ക്കുന്നത്.
തുമ്പയില്‍ 600 ഏക്കര്‍ ഭൂമിയാണ് ബഹിരാകാശനിലയത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്.  ഭൂമധ്യരേഖക്ക് തൊട്ടടുത്താണ് പ്രദേശം എന്നതായിരുന്നു തുമ്പക്കുള്ള അനുകൂലഘടകം.  റെയില്‍വെ ലൈനിനും കടലിനും മധ്യേ രണ്ടരകിലോമീറ്റര്‍ വരുന്ന പ്രദേശം. ഇവിടെ മധ്യഭാഗത്തായി ക്രിസ്ത്യന്‍ പള്ളി നിലകൊള്ളുന്നു- മഗ്ദലനമറിയം ചര്‍ച്ച് .

ചര്‍ച്ചക്കായി ചെയര്‍മാന്‍ വിക്രംസാരാഭായി നേരിട്ടെത്തി. ബിഷപ്പ് റവ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. പള്ളി ഉടന്‍തന്നെ കൈമാറാന്‍ ബിഷപ്പ് തയ്യാറായി. ഇതോടെ നാട്ടുകാരും പൂര്‍ണമായി സഹകരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമായിരുന്നു അന്ന് ഇതിന് ചുക്കാന്‍ പിടിച്ചത്. അദ്ദേഹം അത് തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി പൊളിക്കാതെതന്നെ കെട്ടിടം ഓഫീസാക്കി മാറ്റി. അള്‍ത്താരയുടെ അരികെ താന്‍ ചെയറിട്ട് ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കലാം ഓര്‍ക്കുന്നു. 1960 മുതല്‍ ആരംഭിച്ച നിര്‍മാണം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ 1963ലാണ് പൂര്‍ത്തിയായത്. നാട്ടുകാരെ വിശ്വാസത്തിലെടുത്ത് എങ്ങനെ വികസനപദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്നതിന ്‌തെളിവായി ഈ സംഭവം. പൊലീസും വേണ്ട, പട്ടാളവും വേണ്ട. ഘടാഘടിയന്‍ വീരവാദങ്ങളും വേണ്ട..! വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം അങ്ങനെ രാജ്യത്തിന്റെ അഭിമാനമായി തലയുയര്‍ത്തിനില്‍ക്കുന്നു

Chandrika Web: