കോട്ടയം: വിതുര പീഡനക്കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവ്. 1,09,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. 24 കേസുകളില്‍ ഒരെണ്ണത്തിലാണ് വിധി വന്നിരിക്കുന്നത്. ബലാല്‍സംഗക്കേസുകളില്‍ വിചാരണ വീണ്ടും തുടരും. സുരേഷ് കുറ്റക്കാരനാണെന്ന് കോട്ടയം പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടിയെ 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു, മറ്റുള്ളവര്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.
അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1995 നവംബര്‍ 21നു വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലര്‍ക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തില്‍ വാഹനാപകടത്തില്‍ മരിച്ചു.
ജൂലൈ 16നു പെണ്‍കുട്ടിയെ കേസില്‍ ഉള്‍പ്പെട്ട സണ്ണി എന്നയാള്‍ക്കൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇവര്‍ 23നു ജാമ്യത്തിലിറങ്ങിയ ശേഷം സെന്‍ട്രല്‍ പൊലീസിനു നല്‍കിയ മൊഴിയാണ് 9 മാസം നീണ്ട പീഡനങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ആകെ 24 കേസുകളാണ് ഉണ്ടായിരുന്നത്. 2 ഘട്ടങ്ങളിലായി നടന്ന വിചാരണയില്‍ 36 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു.
അതേസമയം, സുരേഷിനെ പെണ്‍കുട്ടി തിരിച്ചറിയുകയും പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. ഇതോടെയാണു സുരേഷ് മൂന്നാം ഘട്ടത്തില്‍ വിചാരണ നേരിട്ടത്. 24 കേസുകളിലും സുരേഷാണ് ഒന്നാം പ്രതി. പ്രത്യേക കോടതി ജഡ്ജി ജോണ്‍സണ്‍ ജോണാണു വിധി പറഞ്ഞത്.