സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന വിറ്റമിന്‍ ഡിയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. വിറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തിലുള്ളവരുടെ രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കും. വളരെ കുറവ് പ്രത്യാഘാതങ്ങള്‍ മാത്രമുള്ള ചിലവ് കുറഞ്ഞ വിറ്റമിന്‍ ഡി കോവിഡിനെതിരായ പോരാട്ടത്തില്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആഗോളതലത്തിലുള്ള ഗവേഷകരുടെ സംഘം.
ജീവകം ഡിയെ അത്ഭുതമരുന്നെന്നും സമ്പൂര്‍ണ്ണ പോഷകമെന്നുമൊക്കെയാണ് ആരോഗ്യരംഗം വിശേഷിപ്പിക്കുന്നത്. എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് ജീവകം ഡി അത്യവശ്യമാണ്. രക്തസമ്മര്‍ദം കുറക്കാനും പ്രമേഹത്തെ തടഞ്ഞു നിര്‍ത്താനും ക്ഷയം പോലുള്ള മാരക പകര്‍ച്ചവ്യാധികളെ പടിക്ക് പുറത്തു നിര്‍ത്താനും വിറ്റമിന്‍ ഡി സഹായിക്കും.
90 ശതമാനം ഇന്ത്യക്കാരിലും വിറ്റമിന്‍ ഡിയുടെ അപര്യപ്തതയുണ്ടെന്നതാണ് മറ്റൊരു പ്രധാന വസ്തുത. ദക്ഷിണേന്ത്യയിലെ ഗ്രാമങ്ങളിലെ സ്ത്രീകളില്‍ 99 ശതമാനത്തിനും നഗരങ്ങളില്‍ 94 ശതമാനത്തിനും വിറ്റമിന്‍ ഡി കുറവുണ്ട്. പുരുഷന്മാരില്‍ ഈ നിരക്ക് ഗ്രാമങ്ങളില്‍ 86ഉം നഗരങ്ങളില്‍ 88ഉമായി മാറുന്നു. പൊതുവേയുള്ള ഇരുണ്ട നിറം, പൊണ്ണത്തടി, സൂര്യപ്രകാശമേല്‍ക്കാത്ത ജീവിതരീതിയും വസ്ത്രധാരണവും തുടങ്ങി ജീവകം ഡിയുടെ അപര്യാപ്തതയുടെ കാരണങ്ങള്‍ പലതാണ്.
എല്ലാദിവസവും 15 മിനുറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വെയില് കൊണ്ടാല്‍ സ്വാഭാവികമായും ജീവകം ഡി നമുക്ക് ലഭിക്കും. വെയില് കൊള്ളുന്നത് രാവിലെ പത്തിനും വൈകീട്ട് മൂന്നിനും ഇടക്കാകണമെന്ന് മാത്രം. ഇനി വെയിലല്‍പം കൂടുതല്‍ കൊണ്ടതുകൊണ്ട് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. അധികമായവ ശരീരം സംഭരിച്ച് വെക്കും.
കോവിഡ് 19 ബാധിക്കുന്ന രോഗികളില്‍ പ്രായം, മറ്റുരോഗങ്ങള്‍, പുകവലി തുടങ്ങി പലകാര്യങ്ങളും രോഗം ഗുരുതരമാക്കാറുണ്ട്. ജീവകം ഡിയുടെ അപര്യാപ്തത ഇല്ലാതാക്കുന്നത് കോവിഡിന്റെ അപകട സാധ്യതയെ കുറക്കാനുള്ള ഏറ്റവും എളുപ്പത്തിലും ഫലപ്രദവുമായ മാര്‍ഗ്ഗമാണെന്നാണ് ന്യൂഡല്‍ഹി ജമിയ ഹംദാര്‍ദ് സര്‍വ്വകലാശാലയിലെ മുന്‍ വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. അഫ്രോസുള്‍ ഹക്ക് പറയുന്നത്. ഇദ്ദേഹം അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 170 വിദഗ്ധര്‍ ഇത് ചൂണ്ടിക്കാണിച്ച് സര്‍ക്കാരുകള്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ്.