X
    Categories: Health

സിങ്കും വൈറ്റമിന്‍ സി യും കോവിഡിനെ ചെറുക്കാന്‍ കാര്യക്ഷമമല്ലെന്ന് പഠനം

കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായി വൈറ്റമിന്‍ സി, സിങ്ക് ഗുളികകള്‍ കഴിക്കുന്നവര്‍ നിരവധി പേരുണ്ട്. കോവിഡ് വരാതിരിക്കാനും കോവിഡ് വന്നവര്‍ക്ക് പെട്ടെന്ന് രോഗമുക്തി നേടാനും വൈറ്റമിന്‍ സിയും സിങ്കും സഹായിക്കുമെന്നാണ് പൊതുവിശ്വാസം. എന്നാല്‍ ഈ പറയുന്ന തരത്തില്‍ കാര്യമായ സ്വാധീനം കോവിഡിനെ ചെറുക്കാന്‍ ഇവയ്ക്കില്ലെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കോവിഡ് രോഗമുക്തിയിലും ലക്ഷണങ്ങള്‍ തടയുന്നതിലും വലിയ തോതിലുള്ള സ്വാധീനമൊന്നും വൈറ്റമിന്‍ സി ക്കോ സിങ്കിനോ ഇല്ല.

ഈ പഠനത്തിന്റെ ഭാഗമായി അമേരിക്കയിലെ ഒഹയോ, ഫ്ളോറിഡ എന്നിവിടങ്ങളിലെ 214 കോവിഡ് രോഗികളെ ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കി. ഇവര്‍ക്ക് സാധാരണയിലും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ നല്‍കി. തുടര്‍ന്ന് വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകളൊന്നും ലഭിക്കാത്ത രോഗികളുടെ ആരോഗ്യ നിലയുമായി ഇവരെ താരതമ്യപ്പെടുത്തി.
പനി, ശ്വാസംമുട്ടല്‍, ചുമ, മൂക്കൊലിപ്പ്, രുചി നഷ്ടമാകല്‍, ക്ഷീണം എന്നിങ്ങനെ ആറ് ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗികളെ താരതമ്യം ചെയ്തത്. വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ ഉടനടി പ്രതിരോധ ശേഷി വര്‍ധിപ്പിക്കില്ലെന്നും കോവിഡ് രോഗി സാധാരണ ഗതിയില്‍ രോഗമുക്തിക്ക് എടുക്കുന്ന 10 ദിവസങ്ങളില്‍ കാര്യമായ സ്വാധീനം ഇവയ്ക്ക് ചെലുത്താനായിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

ശരീരത്തിന് ഗുണം ചെയ്യുന്ന രണ്ട് പോഷകങ്ങള്‍ തന്നെയാണ് വൈറ്റമിന്‍ സിയും സിങ്കും. അവയ്ക്ക് അണുബാധയ്ക്കെതിരെ പോരാടാനുള്ള ശേഷിയുമുണ്ട്. ജലദോഷത്തിനും ചുമയ്ക്കും ക്രോണിക് അണുബാധയ്ക്കുമൊക്കെ ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതും അത് മൂലമാണ്. എന്നാല്‍ കോവിഡിനെ തടഞ്ഞു നിര്‍ത്താനുള്ള മരുന്നുകള്‍ എന്ന നിലയില്‍ അവയെ കരുതുന്നത് ശരിയല്ലെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Test User: