X
    Categories: indiaNews

പെട്രോള്‍ വില 100 കടന്നതിന് മോദിയെ അഭിനന്ദിച്ച് ബിജെപി മന്ത്രി

ഭോപ്പാല്‍: ഇന്ധനവില വര്‍ധിക്കുന്നതില്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാരിനെതിരെ രോഷം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി മന്ത്രി. മധ്യപ്രദേശിലെ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ധനവില ഉയരുന്നതോടെ ജനം ഉപയോഗം കുറയ്ക്കുമെന്നും സൗരോര്‍ജ്ജത്തിലേക്കും ഇലക്ട്രിക് ഉപയോഗത്തിലേക്കും തിരിയുമെന്നാണ് അദ്ദേഹം പറയുന്നത്.

‘നോക്കൂ, എനിക്ക് പ്രധാനമന്ത്രിയെ അഭിനന്ദിക്കണമെന്നുണ്ട്. ഗതാഗതത്തിനായി സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി രാജ്യാന്തര എണ്ണവില നിയന്ത്രിക്കുന്നതിന് അദ്ദേഹം ക്രമീകരണങ്ങള്‍ ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാനുള്ള മോദിജിയുടെ തീരുമാനം എണ്ണവില നിയന്ത്രിക്കാന്‍ സഹായിക്കും. ആവശ്യകത കുറയുമ്പോള്‍ വിലയിലും കുറവുണ്ടാകും. ഇതിനാലാണ് ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാന്‍ മോദിജി തീരുമാനിച്ചത്. ഞങ്ങള്‍ക്ക് എണ്ണവില നിയന്ത്രിക്കാന്‍ കഴിയും’- ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി നികുതി കുറയ്ക്കാന്‍ സംസ്ഥാനം പദ്ധതിയിടുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില.

 

 

Test User: