X

വിസ്മയയ്ക്ക് ഉയരം 166 സെ.മീ; തൂങ്ങിയത് 185 സെ.മീ ഉയരമുള്ള ജനലില്‍: മരണത്തില്‍ ദുരൂഹതയേറുന്നു

കൊല്ലം: വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി. എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ അല്‍പം മാത്രം ഉയരക്കൂടുതലുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതല്‍ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്.

കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

Test User: