ദമാം: സന്ദര്‍ശക വിസയില്‍ ദമാമിലെത്തി പിരിവു നടത്തിയ മലയാളി സഊദി രഹസ്യ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കല്ലായി സ്വദേശിയെയാണ് ദമാം സീകോ പരിസരത്തു നിന്ന് അനധികൃത പിരിവു നടത്തുന്നതിനിടെ പിടിയിലായത്. വീടിന്റെ ജപ്തിയും പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള ബാധ്യതയും പറഞ്ഞാണ് ഇയാള്‍ സൗദിയിലുടനീളം പിരിവു നടത്തിയത്. പള്ളികളിലും മറ്റു ആളു കൂടിയ ഇടങ്ങളിലും മലയാളത്തില്‍ സഹായാഭ്യാര്‍ഥന നടത്തിയാണ് ഇയാള്‍ പണം സമ്പാദിച്ചിരുന്നത്. ഭാഷയറിയാത്ത അറബികള്‍ പറച്ചിലിന്റെ ദയനീയാവസ്ഥ കണ്ട് പണം നല്‍കി വരികയായിരുന്നു.
2008 മുതല്‍ സൗദിയിലെ വിവിധ ഇടങ്ങളിലായി പണപ്പിരിവ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയില്‍ വെച്ച് നമസ്‌കാരാനന്തരം എഴുന്നേറ്റുനിന്ന് എന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ഭാഷ മനസ്സിലാവാത്ത അവിടെക്കൂടിയ പലരും ഇയാള്‍ക്ക് സംഭാവന നല്‍കി. സംഭവം ശ്രദ്ധയില്‍പെട്ട മലയാളികള്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ അനധികൃത യാചനയും പിരിവും നിരോധിച്ച കാര്യമെല്ലാം ഇയാളോട് ഓര്‍മപ്പെടുത്തിയെങ്കിലും വകവെക്കാതെ പിരിവു നടത്തിവരികയായിരുന്നു. ഇതിനിടെ സൗദി പൊലീസ് ഇയാളെ രഹസ്യമായി പിന്തുടര്‍ന്നു പിടികൂടി.