X

‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്. അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.

പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര,
എന്നിവർ നേതൃത്വം നൽകി.

webdesk13: