രാജ്യത്തെ ക്ഷേത്രങ്ങളെ സർക്കാറിന്റെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുമെന്നും ഇതിനായി ദേശവ്യാപക പ്രചാരണം നടത്തുമെന്നും വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി). സംസ്ഥാന സർക്കാറുകൾ ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിന് തിരിച്ചുനൽകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വി.എച്ച്.പി ജോ. ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ആദ്യം സംസ്ഥാനങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും നടത്തും. മുഖ്യമന്ത്രിമാർ മുഖേന ഗവർണർമാർക്ക് നിവേദനവും സമർപ്പിക്കും. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.
സംസ്ഥാനങ്ങൾ ക്ഷേത്രങ്ങളെ നിയന്ത്രണത്തിലാക്കുന്നത് ഭരണഘടനാ ലംഘനമാണ്. ക്ഷേത്രഭരണം സർക്കാറുകളുടെ ചുമതലയല്ലെന്ന് കോടതികൾ പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമുണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർത്തുവെന്ന ആരോപണം ആദ്യ സംഭവമല്ല. കേരളത്തിലെ ശബരിമല ക്ഷേത്രത്തിലും നേരത്തേ പരാതി ഉയർന്നിരുന്നു. സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.