X

സമൃദ്ധിയുടെ കണിയൊരുക്കി ഇന്ന് വിഷു


കോഴിക്കോട്: മലയാളികളുടെ വസന്തോത്സവമായ വിഷു ഇന്ന്. കാര്‍ഷിക സംസ്‌കൃതിയുടെ അടയാളമായ വിഷുക്കണി ഐശ്വര്യസമൃദ്ധമായ വര്‍ഷത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. സൂര്യന്‍ മീനരാശിയില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്ന വേളയിലാണ് വിഷു ആഘോഷം. വേനലും വര്‍ഷവും ആഘോഷമാക്കുന്ന ഒരു കാലത്തിന്റെ പ്രതീകം. പ്രകൃതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ വിശ്വാസങ്ങളും പ്രതീക്ഷകളും വിഷുവിന്റെ ഐതീഹ്യത്തിന് പിന്നിലുണ്ട്. കണിവെള്ളരിയും കൊന്നപ്പൂവും പുടവയും സ്വര്‍ണവും കണ്ണാടിയും എല്ലാം ചേര്‍ത്തുവെക്കുന്നത് പ്രത്യാശയുടെ പുതിയ കാലത്തിലേക്കാണ്. കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നില്‍ കണിയൊരുക്കിയത് കാണാന്‍ പുലര്‍ച്ചെ മുതിര്‍ന്നവര്‍ കുട്ടികളെ വിളിച്ചുണര്‍ത്തുന്നതും കുട്ടികള്‍ക്ക് വിഷുക്കൈനീട്ടമായി നാണയങ്ങള്‍ നല്‍കുന്നതും ഒരു സംസ്‌കൃതിയെയാണ് അടയാളപ്പെടുത്തുന്നത്.
സഹസ്രാബ്ദങ്ങളായി കൃഷിയെ ആശ്രയിച്ചുകഴിയുന്ന ജനതയുടെ ഉത്സവമാണ് വിഷു. അടുത്ത വര്‍ഷത്തേക്കുള്ള കാര്‍ഷിക വൃത്തിയുടെ ശുഭാരംഭം. വിഷു വേളയിലാണ് ആദ്യമായി പാടത്ത് വിത്തിടുന്നത്. നല്ല വിളകള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഇവിടെ തുടങ്ങും. പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നിരുന്ന ജീവിതവ്യവസ്ഥയുടെ അടയാളങ്ങള്‍ മറ്റു ഉത്സവങ്ങളിലെന്ന പോലെ വിഷുവിലും കാണാന്‍ കഴിയും. പരിസ്ഥിതി നശീകരണത്തിന്റെയും കാലാവസ്ഥാ മാറ്റങ്ങളുടേയും പുതിയ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കുമ്പോഴും വിഷുവിന്റെ ഗൃഹാതുരത്വത്തിന് ഒട്ടും കുറവു വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അതിവര്‍ഷവും വെള്ളപ്പൊക്കവും അതു സൃഷ്ടിച്ച കെടുതികളും വിട്ടൊഴിയും മുമ്പെയെത്തിയ രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ് ഇത്തവണ കേരളം വിഷു ആഘോഷിക്കുന്നത്. വേനല്‍മഴ കാര്യമായി ലഭിച്ചിട്ടില്ല. എങ്കിലും നല്ല വിളവെടുപ്പിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ തന്നെ കേരളം ഇത്തവണയും വിഷു ആഘോഷിക്കും. സംസ്ഥാനം പൊതു തെരഞ്ഞെടുപ്പിന്റെ ചൂടില്‍ കൂടിയാണ് ഇത്തവണത്തെ വിഷുവിന്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിഷു ആഘോഷത്തിന് അല്‍പസമയമെങ്കിലും കണ്ടെത്താനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികളും.

web desk 1: