X

രാജ്യത്തെ യഥാര്‍ഥ വൈറസ് ബി.ജെ.പിയും സംഘപരിവാറുമെന്ന് ചെന്നിത്തല

കൊച്ചി: ഇന്ത്യയിലെ യഥാര്‍ഥ വൈറസ് ബിജെപിയും സംഘപരിവാറുമാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനം ഈ വൈറസുകളെ തുടച്ചു നീക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. രാജ്യത്ത് വര്‍ഗീയ വാദം ശക്തിപ്പെടുത്താനും വര്‍ഗീയമായി ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ നീക്കമാണിതിനു പിന്നില്‍. മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്. ലീഗ് പ്രതിനിധികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിട്ടുളളതാണ്. മുസ്‌ലിംലീഗിനെതിരെ അനാവശ്യ ആക്ഷേപം ഉന്നയിച്ച യോഗി ആദിത്യ നാഥിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ബിജെപി വര്‍ഗീയത വ്യാപകമായി പ്രചരിപ്പിക്കുകായണ്. ഒരു ഭാഗത്ത് പ്രധാനമന്ത്രിയും മറുഭാഗത്ത് യോഗി ആദിത്യനാഥും വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തുകയാണ്, ഇത് വലിയ ആപല്‍ക്കരമാണ്. ഭരണനേട്ടങ്ങള്‍ ഒന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത സഹാചര്യത്തിലാണ് വര്‍ഗീയവും ജാതിയവുമായ വേര്‍തിരിവുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തുന്നത്. രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാനും വര്‍ഗീയമായി ചേരിതിരിവ് സൃഷ്ടിക്കാനും ശ്രമിക്കുന്നത് ബിജെപിയും സംഘപരിവാറുമാണ്. ഹിന്ദുഭൂരിപക്ഷ മേഖലയില്‍ നിന്നും ഒളിച്ചോടി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും പരമാര്‍ശം കേരളത്തിലെയും വയനാട്ടിലെയും ജനങ്ങളെ അപമാനിക്കുന്നതാണ്. വയനാട്ടില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നത്.അവിടെയാണ് ജാതിയുടെയും ഉപജാതിയുടെയും പേരില്‍ ചേരി തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. രാഹൂല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ പറയുന്നതില്‍ ബിജെപിയും ഇടതുപക്ഷവും ഒരേ തൂവല്‍ പക്ഷിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു പാര്‍ട്ടിയുടെയും മുഖപത്രങ്ങള്‍ ഒരേ അച്ചിലാണ് അടിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

web desk 1: