കല്‍പ്പറ്റ: താളൂര്‍ നീലഗിരി കോളേജ് ചന്ദ്രിക ദിനപത്രവുമായി സഹകരിച്ച് സംഘടിപ്പിച്ച കോവിഡാനന്തര ഉപരിപഠനം വിര്‍ച്വല്‍ സമ്മിറ്റ് ശ്രദ്ധേയമായി. മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി ആയിരുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമല്‍ വരദൂര്‍, നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി, നീലഗിരി കോളേജ് അക്കാഡമിക് ഡീന്‍ പ്രൊഫ ടി മോഹന്‍ ബാബു എന്നിവര്‍ സംവദിച്ചു. ഓണ്‍ലൈനായി സൂമില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
ആധുനിക കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇനിയും ബോധവാന്മാരാകേണ്ടതുണ്ട്, കാരണം കേവലം ഡിഗ്രിയും പിജിയും പഠിച്ച് പുറത്തിറങ്ങുന്നതിനപ്പുറം മാറുന്ന കാലത്തിന് അനുസൃതമായ സാങ്കേതിക വിദ്യകളിലും ഭാഷകളിലും നൈപുണ്യവും പ്രാഗത്ഭ്യവും തളിയിക്കുന്നവര്‍ക്കാണ് വരും കാലങ്ങളില്‍ സാധ്യതയുള്ളത്. ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അതില്‍ താല്‍പര്യപൂര്‍വം ഭാഗഭാക്കുകളാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണു ഉന്നത നേട്ടങ്ങള്‍ കൈവരിക്കാനാകുകയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു.
സാമൂഹിക ഘടനയില്‍ കോവിഡ് വരുത്തിയ വലിയ മാറ്റങ്ങളെ വിലയിരുത്തുകയായിരുന്നു ഡോ. സജി ഗോപിനാഥ്. വിദ്യാര്‍ത്ഥി കേന്ദ്രിതമായ പഠനരീതികളിലേക്ക് വിദ്യാഭ്യാസരംഗം സമൂലമായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യകള്‍ തുറക്കുന്ന നിരവധിയായ വാതായനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആധുനിക തൊഴില്‍ശാലകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. ഭാഷയും സാങ്കേതിക വിദ്യയും പ്രായോഗിക നൈപുണ്യവും ഉള്‍ചേര്‍ന്ന വിദ്യാഭ്യാസ രീതിയാണ് വരും കാലങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കുക. അതിനായി ആഗോളാടിസ്ഥാനത്തില്‍ വരുന്ന മാറ്റങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ചിന്താഗതിയും മനോഭാവവും വളരുകയുമാണ് വേണ്ടത്. പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ വിദ്യാഭ്യാസരീതിയെയും സംസ്‌കാരത്തെയും ഉടച്ച് വാര്‍ക്കുന്നതും പ്രതീക്ഷ നല്‍കുന്നതുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ചിന്തകളും മനോഭാവങ്ങളും ഉണ്ടാവാന്‍ അത്യന്താപേക്ഷിതമായത് ശരീരത്തിന്റെ ആരോഗ്യക്ഷമതയാണെന്നും വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൊടുക്കുന്നത് പൊലെ തന്നെയുള്ള ശ്രദ്ധ ശാരീരിക ആരോഗ്യത്തിനും കൊടുക്കേണ്ടതുണ്ടെന്നും ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഓര്‍മിപ്പിച്ചു.
ഈ രംഗത്ത് നീലഗിരി കോളേജ് നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതികള്‍ ഏറെ പ്രതീക്ഷനല്‍കുന്നതാണെന്നു അഥിതികള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യ റോബോട്ടിക്‌സ് , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് വല്‍കൃത ആര്‍ട്‌സ് & സയന്‍സ് കോളേജാണു നീലഗിരി കോളേജ്. ഹയര്‍ എഡ്യുക്കേഷന്‍ റിവ്യൂയില്‍ രാജ്യത്തെ മികച്ച പത്ത് പുതുമകള്‍ നടപ്പിലാക്കുന്ന ക്യാമ്പസുകളിലൊന്നായി റ്റെരഞ്ഞെടുക്കപ്പെട്ടിരുന്നു ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നവയനാട് നീലഗിരി അതിര്‍ത്തിയിലുള്ള നീലഗിരി ക്യാമ്പസ്. പങ്കെടുത്തവര്‍ക്ക് ഇസര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.