X
    Categories: MoreViews

വീരേന്ദ്രകുമാര്‍ ജെ.ഡി.എസില്‍ ചേരില്ല; എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കും യു.ഡി.എഫ് വിടുന്നതിനെ കുറിച്ച് ഉടന്‍ ആലോചനയില്ല

 

തിരുവനന്തപുരം

രാജ്യസഭാ അംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്.ജെ.ഡി) പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ തയാറെടുക്കുന്നു. ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോ യു.ഡി.എഫ് വിടുന്നതോ ഉള്‍പെടെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് നേരത്തെ കേരളത്തില്‍ താന്‍ നേതൃത്വം നല്‍കിയിരുന്ന എസ്.ജെ.ഡിയെ വീണ്ടും സജീവമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന മന്ത്രി മാത്യു.ടി തോമസിന്റെയും കെ. കൃഷ്ണന്‍ കുട്ടിയുടെയും അഭിപ്രായത്തോട് ‘കടല്‍ നദിയില്‍ ചേരാറില്ല’ എന്നാണത്രേ വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എന്നാല്‍ ജെ.ഡി.എസിലേക്ക് പോകാന്‍ വീരന്‍ മടിക്കുന്നതിന്റെ രാഷ്ട്രീയ കാരണം മറ്റൊന്നാണ്. 2018 മെയില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു വരെ ജെ.ഡി.എസില്‍ ചേരുന്ന കാര്യമോ എല്‍.ഡി.എഫില്‍ അംഗമാകാനോ വീരന്‍ ശ്രമിച്ചേക്കില്ല. നിതീഷ് കുമാറുമായുള്ള ബന്ധം വേര്‍പെടുത്തി എം.പി സ്ഥാനം ഉപേക്ഷിച്ചതിന് കാരണമായി പറയുന്ന ബി.ജെ.പി ബന്ധം തന്നെയാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് കാത്തിരിക്കുന്നത്.
2006ല്‍ ബി.ജെ.പി പിന്തുണയോടെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി അടുത്ത മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും ജെ.ഡി.എസ് നിര്‍ണായക രാഷ്ട്രീയ ശക്തിയാകുമെന്നും ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്നുമാണ് അവകാശപ്പെടുന്നത്. നിലവല്‍ 40 സീറ്റുവീതമുള്ള ജെ.ഡി.എസും ബി.ജെ.പിയും കര്‍ണാടകയില്‍ തുല്യശക്തികളാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനത്ത് മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി ജെ.ഡി.എസ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ജെ.ഡി.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീരേന്ദ്രകുമാര്‍ തയാറായാല്‍ അഞ്ചുമാസത്തിനുള്ളില്‍ വീണ്ടും നിലപാടില്‍ മാറ്റം വരുത്തേണ്ടിവരും. ജെ.ഡി.എസിന് വ്യക്തമായ നിലപാട് ഇല്ലാത്തതു കാരണം കര്‍ണാടകയില്‍ നിരവധി രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കിയ കാലഘട്ടമായിരുന്നു 2004 മുതല്‍ 2013 വരെ. 2004ല്‍ 58ഉം 2008ല്‍ 28ഉം സീറ്റുകള്‍ നേടി കര്‍ണാടകയില്‍ വിലപേശല്‍ ശക്തിയായ ജെ.ഡി.എസ് മന്ത്രിസഭകള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്തതും ദിവസങ്ങള്‍ക്കകം പിന്തുണ പിന്‍വലിച്ചതുമെല്ലാം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്നു.
ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന എച്ച്.ഡി ദേവഗൗഡ ജനതാദള്‍ ദേശീയ പ്രസിഡന്റായിരിക്കെയാണ് മകന്‍ കുമാരസ്വാമി ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായത്. അന്ന് കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന വീരന്‍ ദേവഗൗഡയെ തള്ളി സുരേന്ദ്രമോഹന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ദേവഗൗഡയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജെ.ഡി.എസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് വീരന്‍ ഒഴിയുകയും ചെയ്തു. തുടര്‍ന്നാണ് നീലലോഹിതദാസ് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റായത്. പിന്നീട് പാലക്കാട് ലോക്‌സഭാ സീറ്റ് സംബന്ധിച്ച് എല്‍.ഡി.എഫുമായി ഇടഞ്ഞ വീരേന്ദ്രകുമാര്‍ മുന്നണി വിടുകയും ചെയ്തു.
അധികാരത്തിനു വേണ്ടി ആരുടെ പിന്തുണയും സ്വീകരിക്കുന്ന ജനതാദളില്‍ ചേരാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്നാണ് വീരന്‍ പറയുന്നത്. പകരം എസ്.ജെ.ഡി സജീവമാക്കി നിലവില്‍ ജെ.ഡി.എസിനൊപ്പം നില്‍ക്കുന്ന ചില നേതാക്കളെ കൂടി തനിക്കൊപ്പം കൂട്ടാനാണ് നീക്കം. തല്‍ക്കാലം യു.ഡി.എഫില്‍ തന്നെ തുടരുമെന്നാണറിയുന്നത്.

chandrika: