കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരായ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ബാറ്റിംഗ് മികവുള്ള താരമാണ് വിരാത് കോലിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാബ് ഫോര്‍ പട്ടികയില്‍ കോലി സ്ഥാനം അര്‍ഹിക്കുന്നതായും ദാദ തന്റെ ക്രിക്കറ്റ് കോളത്തില്‍ അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സേവാഗ് എന്നിവരാണ് ഫാബ് ഫോറിലുള്ളത്. ഈ ഗണത്തില്‍ കോലിയെ ഉള്‍പ്പെടുത്താം. അത്രമാത്രം മികവ് അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ഒരു ടീമിനെയാണ് അദ്ദേഹം സ്വന്തം കരുത്തില്‍ മുന്‍നിരയില്‍ എത്തിച്ചിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റ് പരാജയപ്പെട്ടതിന് ശേഷമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം വരിച്ചത്. വാണ്ടറേഴ്‌സിലെ തകര്‍ന്ന പിച്ചില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 54, 41 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌ക്കോര്‍. ഇത് ഏറ്റവും മികച്ച നേട്ടമാണ്. ഏകദിനങ്ങളിലേക്ക് വന്നപ്പോള്‍ ആദ്യ മല്‍സരത്തില്‍ 116 റണ്‍സ് നേടിയ കോലി രണ്ടാം മല്‍സരത്തില്‍ പുറത്താവാതെ 46 റണ്‍സ് നേടി. ഏറ്റവും മികച്ച പ്രകടനം കണ്ടത് മൂന്നാം ഏകദിനത്തിലായിരുന്നു. പുറത്താവാതെ 160 റണ്‍സാണ് അദ്ദേഹം കേപ്ടൗണില്‍ സ്വന്തമാക്കിയത്.
കോലിയുടെ മല്‍സരക്കരുത്തിനെയും ഊര്‍ജ്ജത്തെയുമാണ് ഗാംഗുലി അഭിനന്ദിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടിട്ടും ഏകദിന പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ അത്രമാത്രം മന:ക്കരുത്ത് വേണം. സച്ചിന്‍, രാഹുല്‍, ലക്ഷ്മണ്‍, സേവാഗ് തുടങ്ങിയ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം കളിക്കാനും ബ്രയന്‍ ലാറ, റിക്കി പോണ്ടിംഗ് തുടങ്ങിയവര്‍ക്കെതിരെ കളിക്കാനുമെല്ലാം എനിക്കവസരമുണ്ടായിട്ടുണ്ട്. കോലിയിലേക്ക് വരുമ്പോള്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന കരുത്തും മാനസികോര്‍ജ്ജവും അപാരമാണ്.
കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടെ 34 ഏകദിന സെഞ്ച്വറികളാണ് കോലി സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ ഇത് വരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും മൂന്നക്കം തികക്കാന്‍ കഴിഞ്ഞിട്ടില്ല എന്നറിയുമ്പോഴാണ് കോലിയുടെ ബാറ്റിംഗ് കരുത്ത് മനസ്സിലാവുക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് വരെ സെഞ്ച്വറി നേടാനായത്. സ്പിന്നര്‍മാരായ ചാഹലും കുല്‍ദീപും നടത്തുന്ന പ്രകടനവും അപാരമാണ്. രണ്ട് പേരും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ നിഷ്പ്രഭമാക്കിയിരിക്കുന്നു. അതിനെക്കാള്‍ മികവ് ഈ വിക്കറ്റ് വേട്ട ഒരു ടേണുമില്ലാത്ത ട്രാക്കിലാണെന്നതാണ്. സ്പിന്‍ തന്ത്രങ്ങളില്‍ ദക്ഷിണാഫ്രിക്ക മാനസികമായി തളരുന്നു എന്നതിന്റെ ഉദാഹരണമാണ് അവസാന മല്‍സരത്തില്‍ ക്യാപ്റ്റന്‍ ഐദന്‍ മാര്‍ക്ക്‌റാം പുറത്തായ വിധമെന്നും ഗാംഗുലി പറഞ്ഞു.
- 7 years ago
chandrika
Categories:
Sports
വിരാത് കോലി മഹാനായ ബാറ്റ്‌സ്മാന്‍: ഗാംഗുലി
Tags: GanguliVirath Kohli