മുംബൈ: റെക്കോഡുകളെല്ലാം തകര്‍ത്തെറിയുന്നത് എന്നും ഹരമാണ് വിരാട് കോലിയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകളെല്ലാം പഴങ്കഥയാക്കാന്‍ ശേഷിയുള്ള ഒരേയൊരു ബാറ്റ്‌സ്മാനായി ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത് കോലിയെ മാത്രമാണ്. സ്ഥിരതയാര്‍ന്ന ബാറ്റിങ് മികവുകൊണ്ട് മാത്രമല്ല, വിജയനായകനെന്ന നിലയിലും വിരാടിനെ ലോക ക്രിക്കറ്റിന്റെ നെറുകയില്‍ നിര്‍ത്തുന്നു. റെക്കോഡുകള്‍ സൃഷ്ടിച്ചു സ്വന്തം പേരും സ്ഥാനവും നിലനിര്‍ത്തുക എന്നതിനപ്പുറം ടീമിന്റെ വിജയത്തിനു വഴിതെളിയിക്കുന്ന കര്‍ത്തവ്യവും കോലി അതീവ ഭംഗിയായി നിറവേറ്റുന്നുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഇതിനോടകം തന്നെ കഴിവ് തെളിയിച്ചു കഴിഞ്ഞ ഈ 28കാരന്റെ താരമൂല്യം ഫോബ്‌സ് മാസിക വരെ അംഗീകരിച്ചിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വിലയേറിയ 10 കായികതാരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ക്രിക്കറ്റില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു താരവും കോലിയാണ്. ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച പട്ടികയില്‍ ഏഴാമനാണ് കോലി. 14.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് (94.191 കോടി രൂപ) കോലിയുടെ താരമൂല്യം. ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ഗോള്‍ഫ് സൂപ്പര്‍ സ്റ്റാര്‍ റോറി മക്്‌ലോറിയും ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സിന്റെ ബാസ്‌കറ്റ്‌ബോള്‍ താരം സ്റ്റീഫന്‍ കാരിയും ഇന്ത്യന്‍ നായകന് പിന്നിലാണ്. പട്ടികയില്‍ ഒന്നാമന്‍ ടെന്നീസ് ഇതിഹാസം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ ആണ്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പട്ടം അഞ്ചാമതും നേടിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ നാലാമതായുണ്ട്.
ഇവര്‍ കായിക സമ്പന്നര്‍
( ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധികരിച്ച ലോകത്തിലെ ഏറ്റവും വിലയേറിയ 10 കായികതാരങ്ങള്‍ ഇവരാണ് )
1. റോജര്‍ ഫെഡറര്‍ 37.2 മില്യണ്‍ ഡോളര്‍
2. ലെബ്രോണ്‍ ജെയിംസ് 33.4 മില്യണ്‍ ഡോളര്‍
3. ഉസൈന്‍ ബോള്‍ട്ട് 27 മില്യണ്‍ ഡോളര്‍
4. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 21.5 മില്യണ്‍ ഡോളര്‍
5. ഫില്‍ മൈക്കിള്‍സന്‍ 19.6 മില്യണ്‍ ഡോളര്‍
6. ടൈഗര്‍ വുഡ് 16.6 മില്യണ്‍ ഡോളര്‍
7. വിരാട് കോലി 14.5 മില്യണ്‍ ഡോളര്‍
8. റോറി മക്്‌ലോറി 13.6 മില്യണ്‍ ഡോളര്‍
9. ലയണല്‍ മെസ്സി 13.5 മില്യണ്‍ ഡോളര്‍
10. സ്റ്റീഫന്‍ കാരി 13.4 മില്യണ്‍ ഡോളര്‍