ബാറ്റെടുത്ത് ഇറങ്ങിയാല്‍ ഏതെങ്കിലുമൊക്കെ റെക്കോഡുകള്‍ സ്വന്തമാക്കാതെ ഉറക്കം വരാത്ത പ്രകൃതക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കേലിയെന്ന് തോന്നിപ്പോകും ചിലപ്പോഴെല്ലാം. കാരണം ഓരോ ഇന്നിങ്‌സ് പിന്നിടുമ്പോഴും അദ്ദേഹം മറികടക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും അത്രത്തോളമാണ്.
ചെറിയൊരു ഇടവേളയ്ക്കു ശേഷമിതാ ബാറ്റിങ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ഒരു വിരാട് കോലി ഇന്നിങ്‌സിനു കൂടി നമ്മള്‍ സാക്ഷിയായി. പുണെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി സ്വന്തമാക്കിയ നേട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
ടെസ്റ്റ് കരിയറിലെ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 250 റണ്‍സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോലി. വി.വി.എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, കരുണ്‍ നായര്‍ എന്നിവര്‍ മാത്രമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്നെ നേട്ടവും അദ്ദേഹം സ്വന്തമാക്കി.
ഏഴാം ഇരട്ട സെഞ്ചുറിയോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ആറു വീതം ഇരട്ട സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും കോലിക്ക് പിന്നിലായി.
ഏഴ് ഇരട്ട സെഞ്ചുറികളുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇരട്ട സെഞ്ചുറിക്കാരുടെ പട്ടികയില്‍ ശ്രീലങ്കന്‍ താരം മഹേള ജയര്‍വര്‍ധനെയ്ക്കും ഇംഗ്ലണ്ടിന്റെ വാള്‍ട്ടര്‍ ഹാമണ്ടിനും ഒപ്പമെത്താനും കോലിക്കായി. ടെസ്റ്റില്‍ ഇരുവര്‍ക്കും ഏഴു വീതം ഇരട്ട സെഞ്ചുറികളുണ്ട്. ഓസീസ് ബാറ്റിങ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (12), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (11), വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ (9) എന്നിവരാണ് ഈ പട്ടികയില്‍ മുന്നില്‍.
ബാറ്റിങ്ങിനിടെ 150 റണ്‍സ് പിന്നിട്ടതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഇത് ഒമ്പതാം തവണയാണ് കോലി 150 റണ്‍സ് പിന്നിടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ബ്രാഡ്മാന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്. ഇതാണ് കോലി മറികടന്നത്. ഏഴു വീതം 150 പ്ലസ് സ്‌കോറുകളുമായി മൈക്കല്‍ ക്ലാര്‍ക്ക്, മഹേള ജയവര്‍ധനെ, ബ്രയാന്‍ ലാറ, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഈ പട്ടികയില്‍ കോലിക്കും ബ്രാഡ്മാനും പിന്നിലുള്ളത്.
അതേസമയം ക്യാപ്റ്റനായുള്ള 50ാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, അലസ്റ്റര്‍ കുക്ക്, സ്റ്റീവ് വോ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും കോലിക്കായി.
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 40ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് പുണെയില്‍ പിറന്നത്. ക്യാപ്റ്റനെന്ന നിലയില്‍ 40 ‘അന്താരാഷ്ട്ര സെഞ്ചുറി’കള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ കോലിയുടെ 26ാം സെഞ്ചുറിയായിരുന്നു ഇത്. ക്യാപ്റ്റനായ ശേഷം ടെസ്റ്റില്‍ 19 സെഞ്ചുറികളും ഏകദിനത്തില്‍ 21 സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്.
അതേസമയം ഒരു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റനെന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താം. ക്യാപ്റ്റനെന്ന നിലയില്‍ 41 സെഞ്ചുറികളാണ് പോണ്ടിങ്ങിന്റെ അക്കൗണ്ടിലുള്ളത്.
ടെസ്റ്റ് കരിയറില്‍ 7000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു. 81ാം ടെസ്റ്റില്‍ 138ാം ഇന്നിങ്‌സിലാണ് കോലി 7000 തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തെത്തി. 131 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇംഗ്ലീഷ് താരം വാലി ഹാമണ്ടാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 134 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വീരേന്ദര്‍ സെവാഗ് രണ്ടാമതും സച്ചിന്‍ തെണ്ടുല്‍ക്കര്‍ (136) മൂന്നാമതുമാണ്. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സും 138 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.