X

കോഹ്‌ലിയാട്ടവും ധോണിയുടെ ഹെലികോപ്റ്ററും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

അഡലെയ്ഡ്: നായകന്‍ വിരാത് കോലി കരിയറിലെ 39-ാം സെഞ്ച്വറിയുമായും മുന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണി അപരാജിത അര്‍ധ സെഞ്ച്വറിയുമായും നയിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. പരമ്പര നഷ്ടമാകാതിരിക്കാന്‍ വിജയം അനിവാര്യമായ ഇന്ത്യ, ഓസീസ് ആദ്യം ബാറ്റ് ചെയ്ത് മുന്നോട്ടുവെച്ച 299 റണ്‍സ് എന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍, നാലു പന്ത് ശേഷിക്കെ കിടിലന്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ധോണി സ്‌റ്റൈല്‍ സിക്‌സില്‍ മറികടക്കുകയായിരുന്നു. വിരാത് കോലിയാണ് കളിയിലെ കേമന്‍. ഇതോടെ, ഏകദിന പരമ്പരയിലെ ജേതാക്കളെ വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കുന്ന മൂന്നാം മത്സരം തീരുമാനിക്കും.

ഉയര്‍ന്ന താപനിലയുള്ള അഡലെയ്ഡില്‍ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം പന്തെറിയുകയായിരുന്നു. ഷോണ്‍ മാര്‍ഷിന്റെ സെഞ്ച്വറി (131) ആതിഥേയര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍, ഇന്ത്യന്‍ ബാറ്റിങിനെ കാര്യമായി പരീക്ഷിക്കാന്‍ മൂര്‍ച്ച കുറഞ്ഞ ഓസീസ് ബൗളിങ് നിരക്ക് കഴിഞ്ഞില്ല. വിരാത് കോലി (104) പുറത്തായ ശേഷം അവസാന ഓവറുകളില്‍ ചേസിങ് സമ്മര്‍ദമുനയിലായെങ്കിലും ധോണിയുടെയും (55 നോട്ടൗട്ട്) ദിനേഷ് കാര്‍ത്തിക്കിന്റെയും (25 നോട്ടൗട്ട്) പരിചയ സമ്പത്ത് സന്ദര്‍ശകര്‍ക്ക് ഗുണമായി.

ദക്ഷിണ ഓസ്ട്രേലിയയിലെ തീരദേശ നഗരമായ അഡലെയ്ഡിലെ 30 ഡിഗ്രി ചൂടില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാ്പ്ടന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്നാലോചിച്ചില്ല. എന്നാല്‍, വലിയ ഇന്നിങ്സുകള്‍ കളിക്കുന്നതില്‍ മുന്‍നിര ബാറ്റ്സ്മാന്മാര്‍ പരാജയപ്പെട്ടത് അവര്‍ക്ക് തിരിച്ചടിയായി. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഷോണ്‍ മാര്‍ഷ് ആയിരുന്നു അവരുടെ നെടുംതൂണ്‍. ഓപണര്‍മാരായ ആരോണ്‍ ഫിഞ്ചിനെയും (6) അലക്സ് കാരിയെയും (18) പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്കായെങ്കിലും ഉസ്മാന്‍ ഖവാജ (21), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (20), മാര്‍ക്കസ് സ്റ്റോയ്നിസ് (29) എന്നിവരുടെ പിന്തുണയോടെ ഷോണ്‍ മാര്‍ഷ് ഇന്നിങ്സ് മുന്നോട്ടു നയിക്കുകയായിരുന്നു. 123 പന്ത് നേരിട്ട മാര്‍ഷ് 11 ഫോറും മൂന്ന് സിക്സറുമടിച്ചു.
അഞ്ചുവിക്കറ്റിന് 189 എന്ന നിലയില്‍ ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ (37 പന്തില്‍ 48) മാര്‍ഷിന് മികച്ച പിന്തുണ നല്‍കിയതോടെ ഓസീസ് ഇന്നിങ്സിന് വേഗത കൈവന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 94 റണ്‍സ് ആണ് കംഗാരുക്കളുടെ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഇരുവരെയും ഭുവനേശ്വര്‍ ആണ് മടക്കിയത്.
നതാന്‍ ലിയോണ്‍ അഞ്ച് പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 12 റണ്‍സ് അവസാന ഘട്ടത്തില്‍ ഓസീസിന് ആശ്വാസം പകര്‍ന്നു.

മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ ടീമില്‍ ചെറിയ മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹ്മദിനു പകരം മുഹമ്മദ് സിറാജിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. മൂന്ന് സ്പെല്ലുകളിലായി തന്റെ പത്ത് ഓവര്‍ എറിഞ്ഞുതീര്‍ത്ത സിറാജ് വിക്കറ്റൊന്നുമില്ലാതെ 76 റണ്‍സ് വഴങ്ങി.
മറുപടി ബാറ്റിങില്‍ ഓപണര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. സ്‌കോര്‍ 47-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ (32) ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്‍, കോലി താളം കണ്ടെത്തിയതോടെ രണ്ടാമത്തെ വിക്കറ്റിനു വേണ്ടി ഓസീസ് 101 വരെ കാത്തിരിക്കേണ്ടി വന്നു. രോഹിത് (43) പുറത്തായ ശേഷം അമ്പാട്ടി റായുഡു (24) വിനൊപ്പം കോലി സ്‌കോര്‍ 160 വരെ കൊണ്ടുപോയി. റായുഡു മടങ്ങിയ ശേഷം ക്രീസില്‍ ഒന്നിച്ച കോലിയും ധോണിയും ഇന്ത്യയെ അനായാസ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും സെഞ്ച്വറി തികച്ചതിനു പിന്നാലെ കോലി മടങ്ങിയത് സമ്മര്‍ദമുണ്ടാക്കി. 44-ാം ഓവറില്‍ റിച്ചാര്‍ഡ്സന്റെ പന്തില്‍ മാക്സ്വെല്ലിന് ക്യാച്ച് നല്‍കി നായകന്‍ തിരിച്ചുനടക്കുമ്പോള്‍ ഇന്ത്യക്ക് ലക്ഷ്യം 40 പന്തില്‍ 59 ആയിരുന്നു. കൃത്യമായ കണക്കുകൂട്ടലുകളോടെ കളിച്ച ധോണിയും കാര്‍ത്തിക്കും അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ജയിക്കാന്‍ ഏഴ് റണ്‍സ് ആവശ്യമായിരുന്ന അവസാന ഓവറിലെ ആദ്യപന്തില്‍ സിക്സറടിച്ചാണ് ധോണി സ്‌കോര്‍ ഒപ്പത്തിലെത്തിച്ചത്. തൊട്ടടുത്ത പന്തിലെ സിംഗിളോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.

chandrika: