രാജ്‌കോട്ട്: ഇന്ന് ക്രിക്കറ്റ് ലോകം ആഘോഷിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹിലിയുടെ ജന്മദിനാമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആശംസകളുടെ പ്രവാഹമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ടീമിന്റെ നായകത്വം ഏറ്റെടുത്ത വിരാട് കോഹ്‌ലിക്ക് ഇന്ന് 29 വയസ്സ് തികഞ്ഞു. ജന്മദിനം സഹതാരങ്ങള്‍ കാര്യമായി തന്നെ ആഘോഷിച്ചു. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ ആദ്യ പിറന്നാള്‍ ആഘോഷമാണിത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരം തോറ്റതിന് ശേഷമാണ് ഈ ആഘോഷം നടന്നത്.
ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കേക്ക് മുറിച്ച കോഹ്‌ലി ആദ്യത്തെ കഷ്ണം നല്‍കിയത് ശിഖര്‍ ധവാനാണ്. പിന്നീടുള്ള ചിത്രങ്ങളില്‍ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും കോഹ്‌ലിയുടെ തല കേക്ക് കൊണ്ട് പൊതിഞ്ഞുവയ്ക്കുന്നത് കാണാം.
ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാഷ് ചോപ്ര, മുഹമ്മദ് കെയ്ഫ്, ശ്രീലങ്കന്‍ താരം ആന്‍ജലോ മാത്യൂസ് എന്നിവരും ഷെഫ് വികാസ് ഖന്ന, കപില്‍ ഷര്‍മ, നിതാ അംബാനി തുടങ്ങിയവരും നായകന് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ ടീം അംഗങ്ങളായ സുരേഷ് റെയ്‌ന, മനോജ് തിവാരി എന്നിവരും വിരാടിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
സഹതാരങ്ങളുടെയും ഫാന്‍സിന്റെയും സ്‌നേഹത്തിന് നന്ദിപറയാന്‍ വിരാടും മറന്നില്ല. ട്വിറ്ററിലൂടെ പിറന്നാള്‍ ചിത്രങ്ങളോടൊപ്പമാണ് താരം കൂട്ടുകാര്‍ക്കും ആരാധകര്‍ന്നും നന്ദിപറഞ്ഞത്.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ വിരാട് 2017ല്‍ മാത്രം നേടിയത് 1460 റണ്ണുകളാണ്. ഇതോടെ ഒരേ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന ക്യാപ്റ്റനായി താരം. കരിയറില്‍ 202 മത്സരങ്ങളില്‍ നിന്നായി 9030 റണ്ണുകള്‍ നേടിയിട്ടുള്ള താരം 55.74 എന്ന ബാറ്റിംഗ് ശരാശരിയുമായി മുന്നേറുകയാണ്.