X

വാക്‌സിനെടുത്ത് കോലിയും സംഘവും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ വിരാത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കോവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ടീമിലെ എല്ലാവരും വാക്‌സിനേഷന്‍ നടത്തിയത്. സതാംപ്ടണില്‍ നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ തങ്ങുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയില്‍ തകര്‍ന്ന വേളയില്‍ ഐ.പി.എല്‍ മല്‍്‌സരങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ലോക ക്രിക്കറ്റര്‍മാര്‍. ആറ് ഇന്ത്യന്‍ നഗരങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ കോവിഡ് കാരണം തന്നെ നിര്‍ത്തേണ്ടി വന്നിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ടീമിലെ പലരും കോവിഡ് ബാധിതരായതോടെ മല്‍സരത്തിന്റെ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അനിശ്ചിതമായി കളി നിര്‍ത്തി വെക്കുകയായിരുന്നു. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുവെങ്കിലും വേദിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ വേദികളില്‍ എന്തായാലും മല്‍സരങ്ങള്‍ തുടരില്ല. പോയ സീസണില്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായ യു.എ.ഇ തന്നെയാണ് പ്രധാന ബദല്‍ വേദി. മെല്‍ബണില്‍ കളി നടത്താനാവുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്‍പ്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ മല്‍സരങ്ങള്‍ നടത്താന്‍ അവരും താല്‍പ്പര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്ത മാസം മുതല്‍ രാജ്യാന്തര ക്രിക്കറ്റ് സജീവമാവുന്നതിനാല്‍ പെട്ടെന്ന് അനുയോജ്യമായ തിയ്യതികള്‍ ലഭിക്കാന്‍ സാധ്യതയില്ല.
ഇന്നലെ വാക്‌സിന്‍ എടുത്ത് പുറത്തിറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാത് കോലി എല്ലാവരോടും വാക്‌സിനെടുക്കാനുള്ള അഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയ വഴി നടത്തി. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ നേടണം. അത് മാത്രമാണ് മഹാമാരിയെ തടയാനുള്ള മരുന്ന്- കോലി പറഞ്ഞു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേ, ഇഷാന്ത് ശര്‍മ തുടങ്ങിയവരെല്ലാം വാക്‌സിനെടുത്തു. പലരും വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയെ തടയാന്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മുഴുവന്‍ ക്രിക്കറ്റര്‍മാരും ആഹ്വാനം ചെയ്തു.

Test User: