ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിഫലത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് പുതിയ ത്രീ-ടെയര്‍ പ്രൊപ്പോസലുമായി ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോലിയും ബി.സി.സി.ഐയെ സമീപിച്ചു. ഏകദിന, ടിട്വന്റി താരങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കണമെന്ന് കാണിക്കുന്ന തരത്തിലുള്ളതാണ് കുംബ്ലെ മുന്നോട്ടുവെച്ചിട്ടുള്ള പ്രൊപ്പോസല്‍.
സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിക്ക് മുന്നിലാണ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും അവതരിപ്പിച്ചത്.
അതേസമയം പുതിയ ത്രീ-ടെയര്‍ പ്രതിഫല രീതി ടെസ്റ്റില്‍ നിന്ന് വിരമിച്ച മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ പ്രതിഫലത്തില്‍ പ്രശ്നമുണ്ടാക്കാകുമെന്നാണ് വിലയിരുത്തല്‍. ഏകദിനവും ടിട്വന്റിയും മാത്രം കളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്റെ പ്രതിഫലം മറ്റു ടെസ്റ്റ് താരങ്ങളെക്കാന്‍ താഴെവരാനാണ് സാധ്യത.
ഗ്രേഡ് എ താരങ്ങളുടെ പ്രതിഫലത്തില്‍ 150% വര്‍ദ്ധനവ് ആവശ്യപ്പെടുന്നതാണ് പ്രൊപ്പോസല്‍. രണ്ടു കോടി രൂപ വാര്‍ഷിക വരുമാന കരാറിലാണ് ഗ്രേഡ് എ താരങ്ങളിപ്പോള്‍. എല്ലാ തരം ഫോര്‍മാറ്റിലും കളിക്കുന്ന ഗ്രേഡ് എ താരങ്ങളുടെ പ്രതിഫലം അഞ്ചു കോടി രൂപയാക്കണമെന്നാണു പ്രപ്പോസല്‍ ആവശ്യപ്പെടുന്നത്. ഗ്രേഡ് ബി താരങ്ങള്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്കു 50 ലക്ഷം രൂപയുമാണ് വാര്‍ഷിക വരുമാനം.
ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരുടെ മുമ്പാകെയാണ് പ്രൊപ്പോസല്‍ വെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടത് ഭരണസമിതിയാണ്. ബോര്‍ഡംഗങ്ങളോടു റിപ്പോര്‍ട്ട് തയാറാക്കാന്‍ ഭരണസമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.