ഒരു പരമ്പരയില്‍ കത്തിത്തെളിഞ്ഞ് പിന്നീട് നിരാശപ്പെടുത്തിയ ക്രിക്കറ്റര്‍മാര്‍ നിരവധിയാണ്. ഭാവി വഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെട്ട പലരും പിന്നീട് ടീമിലെ ഇടം പോലും നഷ്ടപ്പെട്ട് വിസ്മൃതിയിലാണ്ടു പോയി.
പക്ഷെ, ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പിറവിയാവുകയാണ് വിരാട് കോഹ്ലിയെന്ന ഇന്ത്യന്‍ ടെസ്റ്റ് നായകന്‍. ഓരോ പരമ്പര കഴിയും തോറും കോഹ്ലി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ അപൂര്‍വ പ്രതിഭാസങ്ങളില്‍ ഒന്നാണ് താനെന്ന്.
ക്രിക്കറ്റില്‍ സുദീര്‍ഘ കരിയര്‍ മുന്നില്‍ നില്‍ക്കെ ബാറ്റിങിലെ ഒട്ടനവധി റെക്കോര്‍ഡുകള്‍ ഈ ഡല്‍ഹിക്കാരന്‍ സ്വന്തം പേരിലാക്കി കഴിഞ്ഞു. ടെസ്റ്റിനും ഏകദിനത്തിനും ട്വന്റി-20ക്കും ചേരുന്ന ക്രിക്കറ്റിലെ ഏക ക്രിക്കറ്റര്‍ കോഹ്ലി തന്നെയല്ലേ.. ഈ ഫോര്‍മാറ്റുകളിലെ താരത്തിന്റെ ബാറ്റിങ് പ്രകടനം തന്നെ ഇതിന്റെ സാക്ഷ്യപത്രമാണ്. ഈ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ റണ്‍റേറ്റുള്ള ഒരേയൊരു താരമാണ് വിരാട്.
28കാരനായ കോഹ്ലി ഇതുവരെ കളിച്ചത് 52 ടെസ്റ്റു മത്സരങ്ങള്‍. സ്‌കോര്‍ ചെയ്തതാവട്ടെ 4,000 റണ്‍സും 15 സെഞ്ച്വറികളും. ആരെയും അസൂയപ്പെടുത്തുന്ന 50.53 ബാറ്റിങ് ശരാശരിയും. ദ്രാവിഡിനു ശേഷം മധ്യനിരയിലെ വിശ്വസ്തന്‍ എന്ന പേര് കോഹ്ലി ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.
ഏകദിനങ്ങളിലാകട്ടെ, കോഹ്ലി ക്രീസിലുണ്ടെങ്കില്‍ പിന്നെ ഇന്ത്യ തോല്‍ക്കില്ലെന്നുറപ്പാണ്. പല നിര്‍ണായക ഘട്ടങ്ങളിലും ഇന്ത്യയെ സ്വന്തം ചുമലിലേന്തിയാണ് വിരാട് ജയത്തിലേക്ക് നയിച്ചത്. 176 ഏകദിനങ്ങളില്‍ 7570 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. 26 സെഞ്ച്വറികളും 38 അര്‍ധ സെഞ്ച്വറികളും ഈ മികവിന് ചാരുതയേകുന്നു. 52.93ആണ് ബാറ്റിങ് ആവറേജ്.
ട്വന്റി20യില്‍ 135.48 ന്റെ തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റു തന്നെ മതി കോഹ്ലിയുടെ മികവറിയാന്‍. 45 മത്സരങ്ങളില്‍ നിന്ന് 57.13 ശരാശരിയില്‍ 1657 റണ്‍സാണ് സമ്പാദ്യം.