കേരളത്തില്‍ വൈറല്‍ ന്യുമോണിയ പടരുന്നു. മലബാർമേഖലയില്‍ അസുഖം വലിയതോതില്‍ വ്യാപിക്കുന്നുണ്ട്. എച്ച്-1 എൻ-1, എച്ച്-3 എൻ-2 എന്നിവയാണ് പടരുന്നത്. പനിയും അനുബന്ധ പ്രശ്നങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെത്തുന്നവർ എന്നിവരില്‍ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്തില്ലെങ്കില്‍ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററില്‍ കിടക്കേണ്ടിവരുന്നവരുണ്ടെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.
അണുബാധയുണ്ടായി മൂന്നുമുതല്‍ അഞ്ച് ദിവസംകൊണ്ടാണ് രോഗലക്ഷണം ഉണ്ടാവുന്നത്. ഏഴുദിവസത്തോളം രോഗവ്യാപനത്തിന് സാധ്യതയുണ്ട്. രോഗി സ്വയം ക്വാറൻ്റീനില്‍ പോകുന്നതാണ് നല്ലത്. പുറത്തുപോകുന്നുണ്ടങ്കില്‍ മാസ്സ് ധരിക്കണം. ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയോടെ തുടങ്ങി ശക്തമായ പനിയും ചുമയുമായി പിന്നീട് ന്യുമോണിയയായി മാറുകയാണ് ചെയ്യുന്നത്. വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രീയത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് ന്യുമോണിയ.
വൈറല്‍ ന്യുമോണിയയും സാധാരണ ന്യുമോണിയയും തമ്മിലുള്ള ലക്ഷണങ്ങളില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും രക്തപരിശോധനയും എക്സ്-റേയും ഉപയോഗിച്ച് ഇവ വേർതിരിച്ചറിയാൻ സാധിക്കും. വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് വൈറല്‍ ന്യുമോണിയ ഉണ്ടാകുന്നത്. ഇൻഫ്ലുവൻസയാണ് ഏറ്റവും സാധാരണമായ കാരണം. സാധാരണ ജലദോഷം ഉണ്ടാകുന്നതിലൂടെയും ഈ വൈറസ് ബാധ ഉണ്ടാകാം.
സാധാരണയായി, ഈ വൈറസുകള്‍ നിങ്ങളുടെ ശ്വസനവ്യവസ്ഥയുടെ മുകള്‍ ഭാഗത്തെയാണ് ബാധിക്കുന്നത്. ഇവ പിന്നീട് ശ്വാസകോശത്തിലേക്ക് ഇറങ്ങുമ്ബോഴാണ് പ്രശ്നം ആരംഭിക്കുന്നത്. തുടർന്ന്, ബാക്ടീരിയ ന്യുമോണിയ പോലെ തന്നെ ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികള്‍ രോഗബാധിതരാകുകയും വീർക്കുകയും ചെയ്യും. അവയില്‍ ദ്രാവകം നിറയും. ചുമ, പനി, ശരീരവേദന, കഫത്തിന്റെ നിറവ്യത്യാസം, നെഞ്ചുവേദന, ക്ഷീണം, വിശപ്പില്ലായ്മ, ശ്വാസതടസം എന്നിവയാണ് വൈറല്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍.