ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലായി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘ആര്‍.എസ്.എസ് ശാഖയില്‍’ പങ്കെടുക്കുന്നുവെന്ന പേരിലുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിലടക്കം ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. ഒരു ആര്‍.എസ്.എസുകാരന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട നെഹ്‌റുവിന്റെ ചിത്രം വൈറലാവുകയും കോണ്‍ഗ്രസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഹാഫ് ട്രൗസറും തൊപ്പിയും കയ്യില്‍ വടിയുമായും നില്‍ക്കുന്ന നെഹ്‌റുവിന്റെ ചിത്രം ശാഖയില്‍ പങ്കെടുക്കുന്നതല്ലെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 1939-ല്‍ ഉത്തര്‍പ്രദേശിലെ നൈനിയില്‍ വെച്ചാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. 1925-ലെ ആര്‍.എസ്.എസ് നിയമമനുസരിച്ച് തലയില്‍ കറുത്ത തൊപ്പിയാണ് യൂണിഫോമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നെഹ്‌റു തലയില്‍ വെളുത്ത തൊപ്പിയാണ് ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ശാഖയുടെ ചിത്രമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ താഴെതട്ടിലുള്ള സംഘടനയായ സേവാദളിന്റെ പരിപാടിയിലാണ് നെഹ്‌റു പങ്കെടുത്തതെന്നും അത് ശാഖയുടെ ചിത്രമാണെന്ന് ആര്‍.എസ്.എസ് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
കോണ്‍ഗ്രസിന്റെ താഴെതട്ടിലുള്ള സംഘടനയായിരുന്നു ഹിന്ദുസ്ഥാനി സേവാദള്‍. 1924-ല്‍ സ്ഥാപിതമായ ഈ സംഘടന ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്. കോണ്‍ഗ്രസ്സിന്റെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ യൂണിഫോം ആര്‍.എസ്.എസിന് സമാനമായ രീതിയിലുള്ളതായിരുന്നു. ഇത്തരത്തിലുള്ള വേഷം ധരിച്ച നെഹ്‌റുവിന്റെ ചിത്രം ഇന്റര്‍നെറ്റിലുള്‍പ്പെടെ കാണാനാകും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ പേജിലാണ് നെഹ്‌റു ശാഖയില്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആര്‍.എസ്.എസ് ഗ്രൂപ്പുകളിലും ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക് ഫാന്‍സ് ഗ്രൂപ്പില്‍ 11-ാം തിയ്യതി പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് 6,800 ഷെയറുകളാണ് ലഭിച്ചത്. ഒരു കാലത്ത് നെഹ്‌റു ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുത്തിരുന്നുവെന്നും പിന്നീട് ശാഖയുടെ കര്‍ശനമായ നിയമങ്ങള്‍ പിന്തുടരാന്‍ കഴിയാതെ നെഹ്‌റു ശാഖയില്‍ നിന്ന് പിന്‍മാറുകയുമായിരുന്നുവെന്നും ചിത്രത്തിനോടൊപ്പം ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.