X

കൈക്കുഞ്ഞിനെ പാലൂട്ടാന്‍ അമ്മയുടെ ചിത്രം മുഖത്തൊട്ടിച്ച് പിതാവ്; വൈറലായി വിഡിയോ

അമ്മമാര്‍ അരികില്ലെങ്കില്‍ നവജാത ശിശുക്കളെ പരിപാലിക്കുക എന്നത് കുറച്ച് ശ്രമകരമായ കാര്യം തന്നെയാണ്. ചൈനയിലെ ഒരു യുവാവിന്റെ അവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ അരികിലില്ലാത്ത സമയത്ത് പാലുകുടിക്കാന്‍ കൂട്ടാക്കാതെ കുഞ്ഞ് കരയാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ഈ ധര്‍മ്മസങ്കടം അകറ്റാന്‍ ഒരു മാര്‍ഗം യുവാവ് കണ്ടെത്തി. ‘സാങ്കേതിക വിദ്യ’യുടെ സഹായത്തോടെയാണ് ഇയാള്‍ കുട്ടിയെ ആശ്വസിപ്പിച്ചത്.

ടാബ്ലറ്റില്‍ ഭാര്യയുടെ ചിത്രമെടുത്ത് വച്ച ശേഷം ആ ടാബ്ലറ്റ് മുഖത്ത് ടേപ്പുപയോഗിച്ച് ഒട്ടിച്ചു വച്ചു. ഇതിനു ശേഷം കുഞ്ഞിനെ മടിയിലെടുത്ത് പാല്‍ക്കുപ്പി വഴി പാല്‍ നല്‍കാനും തുടങ്ങി. ടാബിലെ അമ്മയുടെ ചിത്രം കുഞ്ഞ് സൂക്ഷ്മമമായി നോക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്‌ബോ വഴിയാണ് ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിലെ അമ്മയെ കുഞ്ഞ് തൊടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതാദ്യമായല്ല ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത്. നേരത്തെയും അമ്മയുടെ ഫോട്ടോകള്‍ മുഖത്തൊട്ടിച്ചും അമ്മയുടെ കട്ടൗട്ട് തയ്യാറാക്കിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അച്ഛന്‍മാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

Test User: