മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്‌ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ നായകനുള്ള തട്ടായി മാറിയത്.
എന്നാല്‍ ട്വീറ്റ് തുടര്‍ന്ന് വായിക്കുന്നതോടെ ആരാധകരുടെ ആശങ്ക ചിരിയിലേക്ക് വഴിമാറും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ യുദ്ധവിമാന വാഹിനിയായ ഇന്ത്യയുടെ ഐഎന്‍എസ് വിരാടിന് വ്യത്യസ്തമായ ഒരു വിടവാങ്ങള്‍ നല്‍കിയതാണ് സെവാഗിനേയും ഒപ്പം കോലിയേയും കുഴക്കിയത്. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഡീക്കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്.
എന്നാല്‍ ആശങ്കയിലായ ആരാധകരേയും കുറ്റപ്പെടുത്താനാവാത്തതാണ് നിലവിലെ സാഹചര്യം. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് വിരാട് കോലിക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ വിരമിക്കല്‍ സംബന്ധിച്ച സെവാഗിന്റെ ട്വീറ്റ് കൂടി കണ്ടതാണ് കോലി ആരാധകരെ പരിഭ്രാന്തരാക്കിയത്.
ഇന്ന് ഡികമ്മിഷന്‍ പഴയ കപ്പലുകള്‍ ഒരിക്കലും മരിക്കില്ലെന്നും അവരുടെ ഓര്‍മകള്‍ എന്നും ജീവിക്കുമെന്നു സെവാഗ് ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി 30 വര്‍ഷം നീണ്ടുനിന്ന വിരാചിന്റെ സേവനത്തെ സെവാഗ് അഭിനന്ദിക്കുകയും ചെയ്തു.
ലോകത്തിലെ പ്രവര്‍ത്തനക്ഷമമായ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോഡുമായാണ് വിരാട് സേനയില്‍ നിന്ന് വിരമിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകാലം രാജ്യത്തെ സേവിച്ച ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന വിരാട്, 27തവണ ഭൂഗോളംചുറ്റിയ ലോകത്തിലെതന്നെ ഏകയുദ്ധക്കപ്പലാണ്.