തിരുവനന്തപുരം: കാറപകടത്തില്‍ പെട്ട വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനയോടെ സാമൂഹ്യമാധ്യമങ്ങള്‍. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ബാലഭാസ്‌ക്കറിന്റെ കുടുംബം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏകമകള്‍ തേജസ്വി ബാല മരിക്കുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സഹപാഠികളായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും. 2000-ലായിരുന്നു ഇവരുടെ വിവാഹം. നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെയുമൊത്ത് തൃശൂര്‍ വടക്കുംന്നാഥ ക്ഷേത്രത്തില്‍ തൊഴുതുമടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാറിന്റെ മുന്‍ സീറ്റില്‍ ബാലഭാസ്‌ക്കറിന്റെ മടിയില്‍ ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വിബാല. അപകടം നടന്നയുടനെ തന്നെ സംഭവസ്ഥലത്തുവെച്ച് തേജസ്വി മരിക്കുകയായിരുന്നു. കുഞ്ഞിന് രണ്ടു വയസ് മാത്രമാണ് പ്രായം.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ പൊളിച്ചയുടനെ കുഞ്ഞിനെ ആദ്യം കണ്ടെങ്കിലും ബോധമുണ്ടായിരുന്നില്ല. ഹൈവേ പൊലീസിന്റെ വാഹനത്തില്‍ തന്നെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആംബുലന്‍സെത്തി മൂന്നുപേരേയും ആസ്പത്രിയിലെത്തിച്ചു. ബാലഭാസ്‌ക്കറിന് നട്ടെല്ലിനും കഴുത്തെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ അര്‍ജുന്റെ രണ്ടുകാലുകളും ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ മൂന്നുപേരും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് തിരുവനന്തപുരത്തെ ആസ്പത്രിയിലേക്ക് സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. അപകടവിവരത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളും രംഗത്തുവന്നു. പന്ത്രണ്ടാം വയസ്സില്‍ സംഗീതജീവിതം ആരംഭിച്ച ബാലഭാസ്‌കര്‍ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയാണ്.