X

‘പദ്മാവതി’ക്കെതിരായ കൊലവിളി; തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു സാഹിത്യോല്‍സവത്തില്‍ സംസാരിക്കവെയാണ് സംഘ്പരിവാര്‍ നേതാക്കളുടെ കൊലവിളിക്കും പാരിതോഷിക പ്രഖ്യാപനങ്ങള്‍ക്കുമെതിരെ ഉപരാഷ്ട്രപതി രംഗത്തെത്തിയത്. രാജ്യത്തെ നിയമവാഴ്ചയെ വിലകുറച്ചു കാണരുതെന്ന് ‘പദ്മാവതി’ സിനിമയുടെ പേര് പരാമര്‍ശിക്കാതെ വെങ്കയ്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാജ്യമാണ്. എന്നാല്‍ ശിഥിലീകരണത്തെ യാതൊരു തരത്തിലും അനുവദിക്കില്ല. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും തുരങ്കം വെക്കുന്ന ശക്തികളെ മുളയിലെ നുള്ളിക്കളയണം. തലക്ക് വില പറയുന്നതും ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യത്തില്‍ സ്വീകാര്യമല്ല. ചില പുതിയ ചിത്രങ്ങള്‍ മതവിഭാഗത്തെയും ജനവികാരത്തെയും വ്രണപ്പെടുത്തുന്നതായി പരാതിയുണ്ട്. ചിലര്‍ പ്രതിഷേധിക്കുന്നു. മറ്റു ചിലര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇത്രയും പണം എളുപ്പത്തില്‍ എവിടെ നിന്നാണ് കിട്ടുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും വെയ്യങ്ക പറഞ്ഞു. ‘ബഹുവിധ പാമ്പര്യവും ആചാര്യങ്ങളും ഉള്‍ക്കൊള്ളുന്ന, വലിയ മാറ്റങ്ങളും ചരിത്രപരമായ ദശാസന്ധിയും കടന്ന് വളര്‍ന്നുവന്ന രാഷ്ട്രമാണിത്. വിരൂപരായ ചിലരില്‍ നിന്ന് ഇടുങ്ങിയതും ഭ്രാന്തമായതുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട്. വളരെ പഴക്കമേറിയ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന യുവതലമുറയാണ് രാജ്യത്തുള്ളത്. ജനാധിപത്യത്തില്‍ അക്രമങ്ങള്‍ അംഗീകരിക്കില്ല. ജനാധിപത്യപരമായ രീതിയില്‍ നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. എതിര്‍പ്പ് ഉന്നയിക്കാം. അതിന് അധികാരികളെ സമീപിക്കുകയാണ് വേണ്ടത്. ആരെയും ശാരീരികമായി ഉപദ്രവിക്കാനും ഭീഷണി മുഴക്കാനും ആര്‍ക്കും അധികാരമില്ല.’- ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും പ്രത്യേക ചലച്ചിത്രത്തെക്കുറിച്ചല്ല താന്‍ പറയുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം മുമ്പ് നിരോധിക്കപ്പെട്ട ചില സിനിമകളുടെ പേര് പരാമര്‍ശിച്ചതും ശ്രദ്ധേയമായി.

chandrika: