ആംസ്റ്റര്‍ഡാം: യൂറോപ്പില്‍ വീണ്ടും കോവിഡ് പിടിമുറുക്കി തുടങ്ങിയതോടൊപ്പം നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും ശക്തം. നാലാം തരംഗത്തിലേക്ക് നീങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കുകള്‍ കര്‍ശനമാക്കുന്നതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്.
കോവിഡ് കേസുകളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഓസ്ട്രിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 15,809 പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നിരവധി രാജ്യങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കുന്നുണ്ട്. വാക്‌സിനേഷന്‍ സജീവമായി തുടരുമ്പോഴും യൂറോപ്പില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രിയ. 10 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അനിവാര്യമെങ്കില്‍ 20 ദിവസത്തേക്ക് നീട്ടും. കടളെല്ലാം അടച്ചു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ മൂന്നാം ദിവസവും പ്രതിഷേധം അക്രമാസക്തമായി. റോട്ടര്‍ഡാമില്‍ പ്രതിഷേധം കലാപമായി മാറിയതോടെ പൊലീസ് വെടിവെച്ചു.
രാജ്യവ്യാപകമായി 145 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യം മൂന്നാഴ്ചത്തെ ലോക്ക്ഡൗണിലാണ്. അക്രമങ്ങളെ ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുത്തെ അപലപിച്ചു. വിഡ്ഢികള്‍ നടത്തിയ കലാപമെന്നാണ് അദ്ദേഹം അക്രമങ്ങളെ വിശേഷിപ്പിച്ചത്. ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് റുത്തെ വ്യക്തമാക്കി. നെതര്‍ലന്‍ഡ്‌സില്‍ മുമ്പും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
ജനുവരിയില്‍ റോട്ടര്‍ഡാമിലെ തെരുവുകളില്‍ ജനം പൊലീസിനെ ആക്രമിക്കുകയും റോഡില്‍ തീയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലും ആയിരക്കണക്കിന് ആളുകള്‍ വാക്‌സിന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി.
ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന് ഫ്രഞ്ച് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ രോഗ വ്യാപനം മൂന്നിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.