X

കേന്ദ്ര സര്‍ക്കാറിന്റെ അക്രമോത്സുക ഫെഡറലിസം- ഷംസീര്‍ കേളോത്ത്‌

ഷംസീര്‍ കേളോത്ത്‌

സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ കേട്ട് കേള്‍വിയില്ലാത്തവിധം പരസ്പരം പോരടിക്കുകയാണ്. രണ്ട് ഭരണഘടനാസ്ഥാപനങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട സഹകരണ മനോഭാവം അപ്രത്യക്ഷമായിരിക്കുന്നു. പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതും ഞെട്ടിക്കുന്നതുമാണ്. കേരളത്തിലെ മാത്രം പ്രത്യേക സാഹചര്യമല്ല ഇത്. പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണറുടെ ഓഫീസ്, ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകളെ പല മാര്‍ഗത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഫെഡറല്‍ മൂല്യങ്ങളെ മാറ്റിനിര്‍ത്തിയുള്ള കേന്ദ്രീകൃത ഭരണരീതി രാജ്യത്തിന് അനുഗുണമാവുമോ എന്നത് അതീവ ഗൗരവമേറിയ ചോദ്യമാണ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധി അപകടകരമായ ഈ പ്രവണതയെപറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് രാജഭരണം നിലനിന്ന കാലത്തടക്കം പ്രവിശ്യാ അധികാരങ്ങളെ മാനിച്ചിരുന്നുവെന്നും സംസ്ഥാനങ്ങളെ അപമാനിക്കുന്ന കേന്ദ്ര നീക്കം ശരിയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെടുകയുണ്ടായി. അദ്ദേഹമടക്കമുള്ളവര്‍ ഉന്നയിക്കുന്ന വിഷയത്തിലെ മെറിറ്റ് പരിശോധിക്കുന്നതിന്പകരം വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന മറുവാദമുയര്‍ത്തി ഗൗരവകരമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്നത്. ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.

എന്താണ് ഫെഡറലിസം?

ചെറുതാണെങ്കില്‍ വിദേശ അധിനിവേശത്താലും അതിവിസ്തൃതമാണെങ്കില്‍ ആഭ്യന്തര തര്‍ക്കങ്ങളാലും ഒരു റിപ്പബ്ലിക്ക് നശിച്ചുപോയേക്കാമെന്ന് തത്വചിന്തകന്‍ മോണ്ടേസ്‌ക്യു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈയൊരു പ്രതിസന്ധി തരണം ചെയ്യാന്‍ ലോകം വികസിപ്പിച്ചെടുത്ത ഭരണമാതൃകയാണ് ഫെഡറലിസം എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പൂര്‍ണാര്‍ഥത്തില്‍ ഫെഡറല്‍ സംവിധാനം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് പരമാധികാരത്തിന്റെ പങ്കുവെക്കലാണ്. ഒരു രാജ്യത്തിന്റെ സമഗ്രാധികാരം കേന്ദ്ര സര്‍ക്കാറില്‍ മാത്രം കേന്ദ്രീകരിക്കാതെ പ്രവിശ്യാ സര്‍ക്കാരുകളിലേക്കും ചാര്‍ത്തിനല്‍കുന്ന വ്യവസ്ഥയാണ് ഫെഡറല്‍ സംവിധാനനം വിഭാവനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമായുള്ള അധികാര വിഭജനമല്ല മറിച്ച് രാജ്യത്തെ വിവിധ പ്രവിശ്യകള്‍ക്കുള്ള ഭരണഘടനാദത്തമായ അവകാശമാണ് ഈ അധികാരങ്ങള്‍. പ്രവിശ്യകള്‍ക്ക്‌സംസ്ഥാനങ്ങള്‍ക്ക് അവരവരുടെ സ്വത്വം നിലനിര്‍ത്താന്‍ അവകാശം നല്‍കുക വഴി ആഭ്യന്തര തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും സുശക്തമായ കേന്ദ്ര ഭരണ സംവിധാനം വഴി വിദേശ അധിനിവേശം തടയുകയും ചെയ്യുന്ന ഉപായമായാണ് ഫെഡറലിസം ലോകത്ത് പടര്‍ന്ന്പിടിച്ചത്. വിപ്ലവത്തിന്‌ശേഷം അമേരിക്കയില്‍ രൂപം കൊണ്ട രാഷ്ട്രം ഫെഡറല്‍ മൂല്യങ്ങളെ ഉള്‍ക്കൊണ്ടുള്ളതായിരുന്നു. അധികാരം ഒരു വ്യക്തിയിലോ ഒരൊറ്റ സര്‍ക്കാരിലോ തന്നെയോ കേന്ദ്രീകരിക്കപ്പെടുന്നത് സമഗ്രാധിപത്യത്തിലേക്കും പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലേക്കോ നയിക്കുമെന്ന് അമേരിക്കന്‍ രാഷ്ട്ര നിര്‍മ്മാതാക്കള്‍ ഭയപ്പെട്ടു. വിവിധ ഫെഡറല്‍ യൂണിറ്റുകള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക രൂപം കൊള്ളുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും (പ്രസിഡന്റ്) തങ്ങളുടെ അധികാര പരിധി വ്യക്തമായി വേര്‍തിരിച്ച് നല്‍കി. ഫെഡറലിസത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് അമേരിക്ക. എന്നാല്‍ ഫെഡറലിസം അധികാരം വിഭജിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണങ്കില്‍ യൂണിറ്ററി മോഡല്‍ സര്‍ക്കാര്‍ നേര്‍ വിപരീതമാണ് പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാറില്‍ അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കുന്ന സംവിധാനമാണത്. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യൂണിറ്ററി സിസ്റ്റത്തിനുള്ള ഉദാഹരണങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വീതിച്ച് നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുക എന്ന ചുമതല മാത്രമേ യൂണിറ്റുകള്‍ക്ക് ഉണ്ടാവുകയുള്ളൂ.

ഇന്ത്യന്‍ ഫെഡറലിസം

ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഈ മാതൃകകളില്‍ ഏത് വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിക്കുക. ഇന്ത്യയൊരു അര്‍ധഫെഡറേഷന്‍ ആണന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വാദം. യൂണിറ്ററി സിസ്റ്റത്തിന്റെ പല രീതികളും (അനുച്ഛേദം 356 അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കേന്ദ്രാധികാരം) ഉള്‍ക്കൊള്ളിക്കപ്പെട്ടിള്ളതിനാലാണ് ഇന്ത്യൊയെരു അര്‍ധഫെഡറേഷനായി അന്താരഷ്ട്ര അക്കാദമിക സമൂഹം വിലയിരുത്തിയത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്ന പദം കാണാനാവില്ല. ഭരണഘടനയുടെ അനുച്ഛേദം ഒന്ന് ഇന്ത്യയെ യൂണിയന്‍ ഓഫ് സ്റ്റേറ്റ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെയാണങ്കിലും ഭരണഘടനാനിര്‍മ്മാതാക്കള്‍ ഇന്ത്യയെ ഫെഡറേഷന്‍ ആയാണ് കണക്കാക്കിയിരുന്നത്. ഫെഡറേഷന്‍ എന്ന പദത്തിന്പകരം യൂണിയന്‍ എന്ന പദം ചേര്‍ത്തത് ഡോ. അംബേദ്കറായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ ഭരണഘടനയാ ണെന്ന് ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതിയായ ഭരണഘടനാപരമായ അധികാര വിഭജനം ഇന്ത്യന്‍ ഭരണഘടനയില്‍ കാണാം. അനുച്ഛേദം 246 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള അധികാരപരിധി കൃത്യമായി നിര്‍വചിച്ചു നല്‍കിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ഫെഡറല്‍ രാജ്യങ്ങളെടുത്ത് പരിശോധിച്ചാല്‍ ഫെഡറലിസത്തെ കേന്ദ്ര സംസ്ഥാന ബദ്ധങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാവുന്നതാണ്. ദ്വിഫെഡറലിസവും സഹകരണാത്മക ഫെഡറലിസവും. തങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട മേഖലകളില്‍മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട്‌പോകുന്ന രീതിയാണ് ആദ്യത്തേതെങ്കില്‍ പരസ്പര സഹകരണത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എല്ലാവിഷയങ്ങളിലും ശ്രദ്ധപതിപ്പിച്ചുപോകുന്ന രീതിയാണ് രണ്ടാമത്തേത്. ഇന്ത്യ സ്വീകരിച്ച മാതൃക സഹകരണത്തിന്റെതായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ യോജിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ കാതലായ വികസന മാറ്റങ്ങള്‍ രാജ്യത്ത് നടപ്പാക്കാനാവൂ എന്ന് രാഷ്ട്ര നേതാക്കള്‍ സ്വീകരിച്ച കാഴ്ചപാടായിരുന്നു അത്. 2014ന് മുമ്പുള്ള കാലങ്ങളില്‍ ഫെഡറലിസം പരസ്പര സഹകരണമാണെന്ന ധാരണ ശക്തമായിരുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ ഹനിക്കാന്‍ ശ്രമം നടത്തുന്നു എന്നിടത്താണ് പ്രശ്‌നങ്ങളുടെ മര്‍മ്മം.

അക്രമണോത്സുക ഫെഡറലിസം

ഉത്താരഖണ്ഡ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്താണ് ആദ്യമായി അക്രമണോത്സുക ഫെഡറലിസം എന്ന വാചകം പ്രയോഗിക്കുന്നത്. 2016ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെ പുറത്താക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു അത്. സംസ്ഥാനങ്ങളുമായുള്ള സഹകരണാത്മക സമീപനത്തില്‍നിന്ന് സംഹാരാത്മക നീക്കങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതിലുള്ള അമര്‍ഷവുമായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗത്തില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാരുമായി രാഷ്ട്രീയ വിയോജിപ്പുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ദൈനംദിന ഭരണകാര്യങ്ങളിലടക്കം ഗവര്‍ണര്‍ ഇടപെടുന്നത് പല സന്ദര്‍ഭങ്ങളില്‍ പുറത്ത്‌വന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ഏറെയും നടന്നത് തൃണമുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിനെതിരായാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നിയമനിര്‍മ്മാണസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ ആവശ്യം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ തള്ളിയത്. ഗവര്‍ണറെ സഹായിക്കുകയാണ് മുഖ്യമന്ത്രിയുടെയും ക്യാബിനറ്റിന്റെയും കര്‍തവ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മഹാരാഷ്ട്രയിലും ഗോവയിലും കര്‍ണ്ണാടകയിലുമൊക്കെ ചില കക്ഷികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതിനും രാജ്യം സാക്ഷിയായി. നിക്ഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഏജന്റുമാരാവുന്നത് ഭരണഘടന മുന്നോട്ട്‌വെച്ച ഫെഡറല്‍ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തില്‍തന്നെ എത്ര അപമാനകരമായ സാഹചര്യമാണുണ്ടായത്. നയപ്രഖ്യാപനം അംഗീകരിക്കണമെങ്കില്‍ രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തിയ ഗവര്‍ണറുടെ നടപടിയില്‍ വിയോജനകുറിപ്പെഴുതിയ ഉദ്യോഗസ്ഥനെതിരെ നടപെടിയെടുക്കണമെന്ന് വാശിപിടിച്ച ഗവര്‍ണര്‍ പ്രബുദ്ധ മലയാളി സമൂഹത്തെ ആകെയാണ് അപഹാസ്യരാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ അക്രമോത്സുക നീക്കങ്ങളുണ്ടാവുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ പ്രധാനമായും രണ്ടു ചോയിസുകളാണുള്ളത്. ഒന്ന് ഭരണഘടാനമൂല്യങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ഫെഡറലിസത്തെ ശക്തിപ്പെടുത്തുക. മമതാബാനര്‍ജിയുടെ മാതൃകയതാണ്. തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാരും സമാന നിലപാടുകാരാണ്. രണ്ടാമത്തേത്, കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെയടക്കം ഉപയോഗിച്ച് നടത്തുന്ന ഫെഡറല്‍ സംവിധാനത്തെ ഇകഴ്ത്താനുള്ള നീക്കങ്ങളോട് സമരസപ്പെട്ട്, ഒത്തുതീര്‍പ്പിലെത്തി മുന്നോട്ട് പോവുക എന്ന രീതിയാണ്. ഖേദകരമെന്ന് പറയട്ടേ, കേരളം സ്വീകരിച്ച നിലപാട് രണ്ടാമത്തെ ഗണത്തില്‍പെടുന്നതാണ്.

Test User: