X

ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു; അലഹാബാദില്‍ സംഘര്‍ഷം

അലഹാബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവിനെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാതര്‍ വെടിവെച്ച് കൊന്നു. രാജേഷ് യാദവാണ് അലഹാബാദ് സര്‍വകലാശാല ഹോസ്റ്റലിന് സമീപത്ത് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. സുഹൃത്ത് ഡോ. മുകുളിനൊപ്പം കാറില്‍ സഞ്ചരിക്കവെ അജ്ഞാതര്‍ തടഞ്ഞു നിര്‍ത്തി വെടിവെക്കുകയായിരുന്നു. അദ്ദേഹത്തെ പ്രദേശത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


മരണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അലഹാബാദ് നഗരത്തില്‍ വ്യാപക അക്രമമുണ്ടായി. പ്രതിഷേധക്കാര്‍ ഒരു ക്ലിനിക്ക് തല്ലിത്തകര്‍ക്കുകയും രണ്ട് ബസുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പൊലീസിനെതിരേയും പ്രതിഷേധമുയര്‍ത്തി. സംഘര്‍ഷം നിയന്ത്രണ വിധേയമായതായി കര്‍ണാല്‍ഗഞ്ച് സി.ഐ അശോക് മിശ്ര പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബദോഹി ജില്ലയില്‍ നിന്നും രാജേഷ് യാദവ് ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു.

chandrika: